കോന്നി: വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് സമദൂരമല്ല ശരിദൂരമാണ് സ്വീകരിക്കുക എന്ന എൻഎസ്എസിന്റെ നിലപാട് പുനഃപരിശോധിക്കണെമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമുദായത്തിലെ അംഗങ്ങൾ ഈ നിലപാട് അംഗീകരിക്കില്ല. എൽഡിഎഫ് എൻഎസ്എസിനെ ശത്രുപക്ഷത്തല്ല കാണുന്നതെന്നും എൻഎസ്എസ് ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് സർക്കാർ ആവശ്യമായ പരിഗണന നൽകുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
എന്നാൽ, വലതുപക്ഷത്തെ ചേർത്ത് നിർത്തി എൻഎസ്എസ് പ്രഖ്യാപിച്ച ശരിദൂര നിലപാട് ശരിയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. എൻഎസ്എസ് നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ് ഇത്. എക്കാലത്തും മതമേലാധ്യക്ഷൻമാരെ അധിക്ഷേപിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു. വട്ടിയൂർക്കാവിലും കോന്നിയിലും സിപിഎം-ബിജെപി രഹസ്യധാരണയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
നേരത്ത, വിജയദശമി നാളിലെ എൻഎസ്എസ് യോഗത്തിലാണ് സർക്കാരിനെ വിമർശിച്ചും പ്രതിപക്ഷത്തോട് ചാഞ്ഞും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയത്.