തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും.
പുനഃപരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പ് കാത്തിരുന്നതിനാലാണ് സാവകാശ ഹര്‍ജി വൈകിയതെന്ന് ബോര്‍ഡ് കോടതിയില്‍ അറിയിക്കും. വിധി നടപ്പിലാക്കാന്‍ എത്ര സാവകാശം വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെടില്ല.
ശബരിമലയിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് ഹര്‍ജിയില്‍ വിശദമാക്കില്ല എന്നാണ് ബോര്‍ഡ് നല്കുന്ന സൂചന. അതേസമയം ശബരിമലയില്‍ ക്രമസമാധാന പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ട് ഹര്‍ജിയില്‍ പരാമര്‍ശിക്കും. ശബരിമലയില്‍ പോലീസിനോ ഭക്തര്‍ക്കോ ജീവഹാനി വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
പ്രളയം, പ്രക്ഷോഭം എന്നിവയെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ആയിട്ടില്ല. ഒപ്പം ശബരിമല മാസ്റ്റര്‍പ്ലാന്‍ കേസിലെ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടും നിര്‍മാണങ്ങള്‍ വിലക്കണമെന്ന് ശുപാര്‍ശ നല്കിയതും ചൂണ്ടിക്കാട്ടാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിധി നടപ്പിലാക്കാന്‍ സാവകാശം ആവശ്യമാണെന്നാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിക്കുക.
Discussion about this post