ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ശക്തമായ ഇടിമിന്നലില്‍ അംഗനവാടി കത്തിനശിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ പത്താം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യക്ഷേമ വകുപ്പിന്റെ 73-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടമാണ് ഇടിമിന്നലില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. മിന്നലില്‍ അംഗനവാടി കെട്ടിടത്തിന്റെ സ്വിച്ച് ബോര്‍ഡിന് തീ പിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടര്‍ന്ന് അംഗനവാടി കെട്ടിടത്തിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങള്‍, മേശ, കസേര, ബഞ്ചുകള്‍, തുടങ്ങിയവ പൂര്‍ണ്ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂര, കഴുക്കോല്, പട്ടിക, കതകുകള്‍, കട്ടിള തുടങ്ങിയവയ്ക്കും തീ പിടിച്ചു. മുറിയിലെ ജനല്‍ ചില്ലുകളും തകര്‍ന്നു. സമീപവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി.
കെട്ടിടത്തിന്റെ മറ്റൊരു മുറിയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറിലേക്ക് തീ പടര്‍ന്ന് പിടിക്കാത്തത് വലിയ ദുരന്തം ഒഴുവായി. അഞ്ചു മുറികള്‍ ഉള്ള കെട്ടിടത്തിന്റെ ഒരു മുറി പൂര്‍ണ്ണമായും, മറ്റൊരു മുറി ഭാഗികമായും തകര്‍ന്നു. വാടക കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിച്ചു വന്നത്.