കോഴിക്കോട്: വീണ്ടും തർക്കം മുറുകുന്നു. ജോളിയുടേയും ഷാജുവിന്റേയും വിവാഹത്തിന് സിലിയുടെ സഹോദരൻ സിജോയാണ് മുൻകൈ എടുത്തതെന്ന വാദം തള്ളി സിജോ തന്നെ രംഗത്ത്. ജോളിയുമായുള്ള വിവാഹത്തിന്റെ പേരിൽ ഷാജുവും ആദ്യഭാര്യ സിലിയുടെ കുടുംബവും തമ്മിൽ തർക്കം നിലനിന്നിരുന്നെന്ന് സൂചന. ഷാജുവും ജോളിയും തമ്മിൽ നല്ല അടുത്ത ബന്ധമുണ്ടായിരുന്നെന്നും അതിനാലാണ് വിവാഹത്തെ പിന്തുണച്ചതെന്നും സിലിയുടെ സഹോദരൻ സിജോ പറഞ്ഞു. എന്നാൽ സിജോ പറയുന്നത് തെറ്റാണെന്ന് ഒരു സ്വകാര്യ മാധ്യമത്തിനോട് വിശദീകരിച്ച് ഷാജുവും രംഗത്തെത്തി.
നമ്മൾ വിവാഹിതരായാൽ നന്നായിരിക്കുമെന്ന് സിജോയുടെ കുടുംബമടക്കം പറയുന്നുണ്ടെന്ന് പറഞ്ഞ് തന്നെ സമീപിച്ചത് ജോളിയാണെന്ന് ഷാജു ആവർത്തിച്ചു. റബ്ബർ ബോർഡിലാണ് സിജോയ്ക്ക് ജോലി. കോഴിക്കോട്ടെ റബ്ബർ ബോർഡിന്റെ ഓഫീസിലെത്തി ഞാൻ സിജോയെ കണ്ടു. ഈ വിവാഹത്തിൽ ഒരു എതിർപ്പുമില്ലെന്ന് സിജോ തന്നോട് പറഞ്ഞു. അവരുടെ കുടുംബത്തിന് അതിൽ എതിർപ്പില്ല. തന്നെ വിവാഹം കഴിച്ചാൽ കൂടത്തായിയിലെ വീട്ടിൽത്തന്നെ താമസിക്കാമല്ലോ എന്ന് ജോളി പറഞ്ഞു. അത് നല്ലതാണെന്ന് സിജോയും പറഞ്ഞു. സിലിയുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കേണ്ടതിനെ കുറിച്ചും അന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്‌തെന്ന് ഷാജു പറയുന്നു.
‘ജോളിയെ വിവാഹം ചെയ്യുന്നതിൽ സിലിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ലായിരുന്നു. വീട്ടുകാരെ എപ്പോഴാണ് ഈ വിവരം അറിയിക്കണ്ടത് എന്നതടക്കം ഞങ്ങൾ ചർച്ച ചെയ്തു. തുടർന്ന് സിലിയുടെ മരണത്തിന് ഒരു വർഷം കഴിഞ്ഞിട്ട് മതി എന്ന് തീരുമാനിക്കുകയായിരുന്നു’- ഷാജു പറയുന്നു.
തന്റെ മകന്റെ കാര്യത്തിനായി മാത്രമെ കൂടത്തായിയിലെ വീട്ടിലേക്ക് പോയിട്ടുള്ളൂ. അതല്ലെങ്കിൽ ജോളി വിളിച്ചാൽ പോകുമായിരുന്നു. പക്ഷെ, അതെല്ലാം പകൽ സമയത്ത് മാത്രമാണ്. വിവാഹത്തിന് സിജോ വരാമെന്ന് പറഞ്ഞിരുന്നെങ്കിവലും പിന്നീട് ബന്ധുക്കൾ എതിർക്കുമെന്ന കാരണം പറഞ്ഞ് പിന്മാറിയെന്നും ഷാജു വിശദീകരിക്കുന്നു. പക്ഷേ വിവാഹത്തിന് മനസുകൊണ്ട് എല്ലാ പിന്തുണയുമുണ്ടാകുമെന്നാണ് അന്ന് സിജോ പറഞ്ഞതെന്നു ഷാജു പറഞ്ഞു.
പക്ഷെ, ഷാജുവിന്റേയും ജോളിയുടേയും അടുത്ത ബന്ധം കണ്ട താൻ വിവാഹത്തെ എതിർക്കാൻ തയ്യാറായില്ലെന്നാണ് സിജോ തുടക്കം മുതൽ പറയുന്നത്. കുട്ടികളുടെ ഭാവി കൂടി കണക്കിലെടുത്തിരുന്നു. ജോളി വന്നെങ്കിൽ കുട്ടികൾക്ക് ഒരമ്മയായേനെ എന്ന് കരുതിയിരുന്നു. അതിനാലാണ് വിവാഹത്തെ പിന്തുണച്ചതെന്നും സിജോ നേരത്തേ പറഞ്ഞിരുന്നു.
Discussion about this post