തിരുവനന്തപുരം: പുറത്തുവരുന്ന വാർത്തകളിലെ തെറ്റിദ്ധാരണകൾ തിരുത്തി ഡിജിപി ലോക്നാഥ് ബെഹ്റ. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി പോലീസ് കസ്റ്റഡിയിൽ ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് ഡിജിപി വ്യക്തമാക്കി.
ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ജോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ളതിനാൽ അന്വേഷണ സംഘം വിപുലീകരിക്കും. ഓരോ ദിവസവും പുതിയ വിവരങ്ങൾ പുറത്ത് വരുന്നതിനാലും ആറ് കൊലപാതകങ്ങൾ അന്വേഷിക്കാനുള്ളതിനാലും അന്വഷണ സംഘം വിപുലീകരിക്കേണ്ടതുണ്ട്.
റൂറൽ എസ്പി കെജി സൈമൺ തന്നെ അന്വഷണ സംഘത്തലവനായി തുടരുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇതിനിടെ ജോളയുമായി ഫോണിൽ ബന്ധപ്പെട്ട മുഴുവൻ പേരുടേയും പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ തവണ വിളിച്ച ആളുകളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.