തിരുവനന്തപുരം: പൊതുവിദ്യാഭ്യസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വീണ്ടും പുസ്തകവും ചോക്കും കൈകളിലേന്തി ഒരിക്കല്‍കൂടി കെമിസ്ട്രി അധ്യാപകനായി. മോളിക്യുലാര്‍ മെഷീനെക്കുറിച്ചും തന്മാത്ര ടയറുകളെക്കുറിച്ചും മന്ത്രി ക്ലാസെടുത്തു. ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി അധ്യാപകരായിരുന്നു കേള്‍വിക്കാര്‍. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപക പരിവര്‍ത്തന പരിപാടിയുടെ ഉദ്ഘാടത്തിനു ശേഷമായിരുന്നു ക്ലാസ്.
മാര്‍ക്ക് വാങ്ങിക്കുക എന്ന ലക്ഷ്യത്തിനായി മാത്രം പഠിപ്പിക്കാതെ വിദ്യാര്‍ത്ഥികളുടെ സര്‍ഗപരമായ ശേഷിയെ ഉണര്‍ത്താനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ ചിന്തകള്‍ക്ക് ചിറക് നല്കാന് അധ്യാപകര്‍ക്ക് കഴിയണം. പഠനത്തിലൂടെ കുട്ടികളുടെ ചിന്തകള്‍ ഉണരണം. അങ്ങനെ ചോദ്യങ്ങളുണ്ടാവണം. സാമ്പ്രദായിക അധ്യാപകനില്‍ നിന്ന് നല്ല അധ്യാപകനാവാന്‍ നല്ല വായന വേണം. പഠിപ്പിക്കുന്ന വിഷയത്തിന് പുറത്തും നന്നായി വായിക്കണം. ഓരോ കുട്ടിയിലും കഴിവുകള്‍ വ്യത്യസ്തമാണ്. അവ കണ്ടെത്താന്‍ അധ്യാപകന് കഴിയണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇവിടെ നടക്കുന്ന ജനകീയ വിദ്യാഭ്യാസ പരിപാടിയെ മറ്റു സംസ്ഥാനങ്ങളിലുള്ളവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ശ്രദ്ധിക്കുന്നുണ്ട്. വിദ്യാഭ്യാസ സങ്കല്പങ്ങള്ക്ക് പൂരകമായ ആധുനിക പരിശീലന പരിപാടിയാണ് ഒരുക്കുന്നത്. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനുള്ള നല്ല വഴി മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും പരിവര്‍ത്തന പരിശീലനം നല്‍കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post