കോഴിക്കോട്: തന്നോടും പിതാവിനോടും പണം ആവശ്യപ്പെട്ട് നിരന്തരം വിളിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി സഹോദരൻ നോബി. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി തന്നെ നിരന്തരം പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നെന്നാണ് സഹോദരൻ നോബിയുടെ വെളിപ്പെടുത്തൽ. അറസ്റ്റിലായ ജോളിയെ തള്ളിപ്പറഞ്ഞ നോബി കേസിൽ സഹായിക്കാനോ പുറത്തിറക്കാനോ ഉണ്ടാവില്ലെന്നും വ്യക്തമാക്കി.
പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നു. അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുൻപും ജോളി വീട്ടിലെത്തിയിരുന്നു. അന്ന് അച്ഛനിൽ നിന്നും പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത തരം ആർത്തിയായിരുന്നു ജോളിക്ക് പണത്തോട് എന്ന് നോബി പറയുന്നു. ഇക്കാരണം കൊണ്ട് ആദ്യമൊക്കെ ജോളിക്ക് പണം അയച്ചു കൊടുക്കുന്നതായിരുന്നു പതിവെങ്കിൽ പിന്നീട് അത് നിർത്തി. പിന്നീട് മക്കളുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചു കൊണ്ടിരുന്നതെന്നും നോബി പറഞ്ഞു.
റോയിയുടെ മരണശേഷം ഒരിക്കൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ തന്റെ സഹോദരങ്ങളും അളിയനുമായി കൂടത്തായിയിൽ പോയിരുന്നു. അന്ന് മരിച്ചു പോയ ടോം ജോസഫ് എഴുതിയ വിൽപ്പത്രം ജോളി തങ്ങളെ കാണിച്ചു. എന്നാൽ അതു വ്യാജമാണെന്ന് സംശയം തോന്നിയിരുന്നു. ജോളിയോട് അതിനെ കുറിച്ച് പറഞ്ഞ് വാക്ക് തർക്കവുമായി. സ്വത്ത് തട്ടിപ്പിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ തങ്ങൾക്ക് ഒന്നും അറിയില്ലെന്നും നോബി പറഞ്ഞു.
Discussion about this post