തിരുവനന്തപുരം: ഇന്ന് നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തിലേയ്ക്ക് കടന്നത്. കൈപിടിച്ച് ആ ലോകത്തിലേയ്ക്ക് നയിക്കാന്‍ പ്രമുഖരായ പലരും രംഗത്തുണ്ടായിരുന്നു. ഒപ്പം കേരളാ മുഖ്യമന്ത്രി പിണറായി വിജയനും. മുഖ്യമന്ത്രിയും കുരുന്നുകളെ കൈപിടിച്ച് ആദ്യാക്ഷരം കുറിച്ചു. കൂടാതെ ആരോഗ്യമന്ത്രി കെകെ ഷൈലജയും കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തിയിട്ടുണ്ട്.
വിശാലമായ അറിവിന്റെ ലോകത്തില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ഉയരാനാകട്ടെ. അറിവ് ആവോളം സ്വായത്തമാക്കാന്‍ സര്‍ക്കാറിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. കൂടാതെ പ്രീ – പ്രൈമറി തലം മുതല്‍ ശാസ്ത്രീയ രീതിയിലുള്ള വിദ്യാഭ്യാസത്തിന് സമഗ്രമായ പദ്ധതി നടപ്പിലാക്കി വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകളെന്ന് മന്ത്രി കെകെ ഷൈലജ ടീച്ചറും കുറിച്ചു. വായനയുടെയും അറിവിനെയും ലോകത്ത് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തിയ ചിത്രവും പങ്കുവെച്ചാണ് ഷൈലജ ടീച്ചര്‍ ആശംസ അറിയിച്ചത്.
വിദ്യാലയങ്ങള്‍ എല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. 9941 സ്‌കൂളുകള്‍ ഹൈടെക്കായും 45000 ക്ലാസ്മുറികളും ഹൈടെക് ആക്കിയും പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മുഖച്ഛായ തന്നെ സര്‍ക്കാര്‍ മാറ്റുകയാണ്. യുവതലമുറയെ വളര്‍ത്തിയെടുക്കുന്നതിന് വിദ്യാഭ്യാസത്തിലെ പങ്ക് വളരെ വലുതാണ് നല്ല വിദ്യാഭ്യാസത്തിലൂടെ കേരളം മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.