മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് ചൂടിൽ മഞ്ചേശ്വരത്തും വാഗ്വാദങ്ങൾ ശക്തിയാർജ്ജിക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ ഈശ്വര വിശ്വാസിയാണ് എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനയോട് പ്രതികരിച്ചാണ് ശങ്കർ റൈ രംഗത്തെത്തിയത്. താൻ കപടവിശ്വാസിയാണെന്ന ആരോപണത്തേയും തള്ളിയാണ് ശങ്കർ റൈ രംഗത്തെത്തിയിരിക്കുന്നത്.
കമ്മ്യൂണിസ്റ്റുകാരൻ ഈശ്വരവിശ്വാസിയാകാൻ പാടില്ലെന്നത് പഴയ ചിന്താഗതിയാണെന്ന് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പറയുന്നു. താൻ ഈശ്വരവിശ്വാസിയായ കമ്മ്യൂണിസ്റ്റുകാരനാണെന്നും യഥാർഥ കമ്മ്യൂണിസം എന്താണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പഠിക്കണമെന്നും ശങ്കർ റൈ പറഞ്ഞു. ശങ്കർ റൈ കപടവിശ്വാസിയാണെന്ന് ഉണ്ണിത്താൻ ആരോപിച്ചിരുന്നു. ചെറുപ്പം മുതൽ കുടുംബപരമായി ഈശ്വരവിശ്വാസിയാണ് ശങ്കർ റൈ.
പ്രചാരണത്തിനിടയിൽ നാട്ടിലെ ക്ഷേത്രങ്ങളിൽ കയറി പ്രാർത്ഥിക്കാറുണ്ട്. ഗ്രാമത്തിലെ ആത്മീയ കാര്യങ്ങൾ നിയന്ത്രിക്കുന്ന സഖാക്കളുടെ വീടാണ് തന്റേതെന്നും ശങ്കർ റൈ പറയുന്നു. എന്നാൽ കമ്മ്യൂണിസ്റ്റുകാരന് എങ്ങനെ വിശ്വാസിയാകാൻ കഴിയുമെന്ന ചോദ്യം ആവർത്തിക്കുകയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഇപ്പോഴും.