ആലപ്പുഴ: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തില്‍ വേമ്പനാട് കായലില്‍ എക്കല്‍ അടിഞ്ഞ് ആഴക്കുറവുണ്ടായത് വന്‍ തോതില്‍. ഈ സാഹചര്യത്തില്‍ കായല്‍ അധികം വൈകാതെ തന്നെ ചതുപ്പ് നിലമായി മാറുമെന്നാണ് വിദ്ഗധരുടെ കണ്ടെത്തല്‍. എക്കല്‍ കായലിന്റെ ആഴം കുറയ്ക്കുകയും പലസ്ഥലങ്ങളിലും ചെടികള്‍ വളര്‍ന്നു തുടങ്ങിയതായി രാജ്യാന്തര കായല്‍നില ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.
സംസ്ഥാനത്തെ നദികളെക്കുറിച്ചും കായലുകളെക്കുറിച്ചും ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തുന്ന പഠനത്തിന്റെ ഭാഗമായി ആലപ്പുഴ മുതല്‍ തണ്ണീര്‍മുക്കംവരെയും തണ്ണീര്‍മുക്കം മുക്കം മുതല്‍ കൊച്ചിവരെയും 2 ഘട്ടമായി പഠനം നടത്തിയിരുന്നു. വേമ്പനാട് കായലില്‍ എക്കല്‍ അടിഞ്ഞ് എത്രമാത്രം ആഴക്കുറവുണ്ടാകുന്നുണ്ടെന്നു കണ്ടെത്തുകയാണ് ആദ്യഘട്ടം. വലിയ മാറ്റമാണു കായലിനുണ്ടായതെന്നു കഴിഞ്ഞവര്‍ഷം കണ്ടെത്തിയിരുന്നു.
കായലിന് ഒരാള്‍പ്പൊക്കം പോലും ആഴമില്ലാത്ത സ്ഥലങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് അടിത്തട്ടുവരെ ലഭിച്ചതോടെയാണ് മണ്ണിലുണ്ടായിരുന്ന വിത്തുകള്‍ മുളച്ചതെന്നു ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ കെജിപത്മകുമാര് വ്യക്തമാക്കിയത്. വിത്ത് മുളച്ച് വന്‍ ചെടികളാകുന്നതോടെ കായല്‍ നികന്ന് ചതുപ്പ് നിലമാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. മുന്‍ കാലങ്ങളില്‍ കുട്ടനാട്ടിലെ കൃഷിക്കാര്‍ കായലില്‍ വന്നടിയുന്ന എക്കല്‍ കുത്തിയെടുത്ത് മട കെട്ടുകയും പറമ്പുകളില്‍ നിറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, അടുത്തകാലത്ത് എക്കല്‍ കുത്തിയെടുക്കുന്നത് കുറഞ്ഞു.
ഈ സാഹചര്യത്തിലാണ് കായലിന്റെ ആഴം കുറഞ്ഞത്. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും വേമ്പനാട്ടു കായലില്‍ വെള്ളം എത്തുനില്ലെന്നാണ് നിഗമനം. അതേസമയം വേമ്പനാട്ടു കായലിലെ വെള്ളത്തില്‍ ഉപ്പിന്റെ അളവ് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നെന്ന് കണ്ടെത്തി. മുന്‍പ് പരമാവധി 11 പിപിടി (പാര്‍ട്സ് പെര് തൗസന്റ്) അളവു വരെയാണ് വൈക്കം ഭാഗങ്ങളില്‍ ഉപ്പിന്റെ അളവ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് കാലങ്ങളില്‍ ഇത് 23 പിപിടി വരെ ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
Discussion about this post