കോഴിക്കോട്: കൂടത്തായിയിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. ജോളിയെ ഏറ്റവുമധികം തവണ വിളിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിച്ച് അന്വേഷണസംഘം. കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലെ കൂട്ടക്കൊലയും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പല തെളിവുകളും ജോളിയുടെ ഫോൺ കോളുകളിൽ നിന്നും ലഭിച്ചതായാണ് സൂചന. ജോളിയുടെ അടുത്ത സുഹൃത്തുകളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ജോളിയുടെ ഫോൺ ലിസ്റ്റിൽ നിന്നും പോലീസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയ കാലഘട്ടം മുതൽ അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുൻപ് വരെ ജോളി നിരന്തരം ഫോൺ കോളുകൾ ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ജോളിയുടെ ഫോണിലേക്ക് കൂടുതൽ വിളിച്ചവരെയെല്ലാം പോലീസ് ചോദ്യം ചെയ്തേക്കും എന്നാണ് സൂചന.
അറസ്റ്റിലാവുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ ജോളി ഏറ്റവും കൂടുതൽ വിളിച്ചത് കൂടത്തായി സ്വദേശിയും ഇപ്പോൾ തിരുപ്പൂരിൽ ജോലി ചെയ്യുകയും ചെയ്യുന്ന ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസണെയാണ്. ഇപ്പോൾ കൂടത്തായിൽ ഉള്ള ബിഎസ്എൻഎൽ ജീവനക്കാരനോട് സ്ഥലത്ത് ഉണ്ടാവണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അടുത്ത കുറച്ചു ദിവസത്തേക്ക് കൂടത്തായിൽ തന്നെയുണ്ടാകുമെന്നും ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൺ സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി.
അതേസമയം, ജോളിയുമായി സൗഹൃദം പുലർത്തുന്ന സിപിഎം, കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും. വനിതാ തഹസിൽദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ പലരേയും ഇന്നു തന്നെ പോലീസ് ചോദ്യം ചെയ്തേക്കും. നേരത്തെ തന്നെ ഇവരിൽ നിന്നും മൊഴി എടുത്തിരുന്നുവെങ്കിലും ജോളിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ നടത്തുന്ന ചോദ്യം ചെയ്യൽ നിർണായകമാണ്.
ഷാജുവിന്റെ മുൻഭാര്യ സിലിയുടെ ഒരു ബന്ധുവിനെയും പോലീസ് ചോദ്യം ചെയ്തേക്കും. അന്വേഷണത്തിന്റെ ഭാഗമായി സിലിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ വീണ്ടും പുറത്ത് എടുത്ത് റീപോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരുമെന്ന കാര്യം പോലീസുദ്യോഗസ്ഥർ സിലിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ റീ പോസ്റ്റ്മോർട്ടത്തിനെതിരെ ഇയാൾ ശക്തമായ പ്രതിഷേധം ഉന്നയിച്ചതാണ് പോലീസിന്റെ സംശയനിഴലിൽ ഇയാളെയും ഉൾപ്പെടുത്തിയത്.
Discussion about this post