തൃശൂര്‍: കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട എല്ലാവര്ക്കും വീട് നിര്‍മിച്ച് നല്‍കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക ഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.
തൃശൂര്‍ വെസ്റ്റ് കൊരട്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാന്ത്വനം പാര്‍പ്പിട പദ്ധതി ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 24 സെന്റ് സ്ഥലത്ത് ഒന്നേകാല്‍ കോടി രൂപ ചിലവില്‍ 12 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതാണ് പദ്ധതി.
വീട് നഷ്ടപ്പെട്ട ദുരിതം അനുഭവിക്കുന്ന എല്ലാവര്ക്കും സാന്ത്വനമേകാന്‍ കഴിയുന്ന കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. സര്‍ക്കാര്‍ ഒറ്റയ്ക്ക് ഇത്രയും വലിയ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നതോടൊപ്പം സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാരിറ്റബിള്‍ സൊസൈറ്റികളുടെയും സഹായം അഭ്യര്‍ഥിച്ചു വരികയാണ്. എല്ലാവരുടെയും തുല്യമായ പങ്കാളിത്തത്തോടെ നാടിനു നേരിട്ട വലിയ വിപത്തിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.