തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. ഒമ്പത് ജില്ലകളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
ഈ മേഖലകളില്‍ ചെറിയ തോതില്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥാ അറിയിപ്പില്‍ പറയുന്നു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശമില്ല. എന്നാല്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഏതാനും ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഈ സാഹചര്യം കണക്കിലെടുത്ത് വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കൂടുതല്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.