കോഴിക്കോട്: തന്നെ ജോളി വന്നു കണ്ടിരുന്നെന്ന് കോഴിക്കോട്ടെ ഏറ്റവും പ്രശസ്ത അഭിഭാഷകൻ എം അശോകൻ. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുന്നതിന് മുമ്പാണ് ജോളി എം അശോകനെ സമീപിച്ചത്. ജോളി കുറച്ച് ദിവസം മുൻപ് തന്നെ വന്ന് കണ്ടിരുന്നെന്നും കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേസ് ഏറ്റെടുക്കണോ എന്ന കാര്യം താൻ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ അഞ്ചാം തീയതിയാണ് ജോളിയെ ക്രൈംബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിൽ എടുക്കുന്നതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതും. കൊലപാതകങ്ങൾ എല്ലാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം ലഭിച്ചിരുന്നെന്നും ജോളി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
തന്നെ സഹായിച്ച ഷാജുവിനും പിതാവ് സക്കറിയയ്ക്കും ഉൾപ്പെടെയുള്ള എല്ലാവർക്കും കൊലപാതക വിവരം അറിയാമായിരുന്നെന്നും ജോളി മൊഴി നൽകിയിട്ടുണ്ട്. കൂടത്തായി കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും രംഗത്തെത്തിയിട്ടുണ്ട്. ജോളി നടത്തിയ എല്ലാ കൊലപാതകങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നാണ് ഷാജുവിന്റെ മൊഴി.
മകളുടേയും ഭാര്യയുടേയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിരുന്നു. അതിനുള്ള സാഹചര്യമൊരുക്കിയത് താനാണ്. എന്നാൽ ജോളി തന്നേയും വധിക്കുമെന്ന് പേടിച്ചിരുന്നു. കൊലപാതകം പുറത്തുപറയാതിരുന്നത് പേടികൊണ്ടാണ്. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും ഷാജു മൊഴി നൽകിയിട്ടുണ്ട്.
Discussion about this post