വട്ടിയൂർക്കാവ്: വട്ടിയൂർക്കാവിലെ കോൺഗ്രസിന്റെ വോട്ട് കച്ചവട ആരോപണങ്ങളെ തള്ളി തിരുവനന്തപുരം എംപി ശശി തരൂർ. വട്ടിയൂർക്കാവിൽ സിപിഎം-ബിജെപി വോട്ടുകച്ചവടം നടക്കുന്നെന്ന കോൺഗ്രസിന്റെ ആരോപണത്തെയാണ് അദ്ദേഹം തള്ളിയിരിക്കുന്നത്. വോട്ടുകച്ചവടമെന്ന ആരോപണങ്ങൾ വോട്ടർമാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും വോട്ടർമാർക്കറിയാം ആർക്ക് വോട്ടു ചെയ്യണമെന്നും എന്നും തരൂർ പറഞ്ഞു. മുതിർന്ന നേതാക്കളാരും വട്ടിയൂർക്കാവിൽ പ്രചരണത്തിനെത്തുന്നില്ല എന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറിന്റെ പരാതി പരിഹരിച്ച് തിരുവനന്തപുരത്ത് പ്രചരണത്തിനെത്തിയതായിരുന്നു ശശി തരൂർ എംപി.
കേരളത്തിലെ വോട്ടർമാർ അറിവുള്ളവരാണെന്നും ആർക്ക് വോട്ടുചെയ്യണമെന്ന് വോട്ടർമാർക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും തരൂർ പ്രതികരിച്ചു. ‘സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്യുന്നത് കുടുംബപരമായും മറ്റും സ്ഥിരമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്യുന്നവരാണ്. അവർ നാളെ ബിജെപിക്ക് വോട്ടുകൊടുക്കും എന്നു പറഞ്ഞാൽ കേൾക്കുമോ?’ തരൂർ ചോദിച്ചു. വളരെ ചെറിയൊരു ശതമാനം മാത്രമേ അത്തരത്തിൽ വോട്ടു മാറ്റിചെയ്യുന്നവരുണ്ടാവൂ. ജനങ്ങൾക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. തനിക്ക് ചില കമ്മ്യൂണിസ്റ്റ് വോട്ടു കിട്ടിയിട്ടുണ്ടെങ്കിൽ അതവിടെ ബിജെപിയെ തടുക്കാൻ വേണ്ടി വോട്ടു ചെയ്തവരായിരിക്കും. പക്ഷെ ഒരിക്കലും പാർട്ടി പറഞ്ഞിട്ടോ നേതാവ് പറഞ്ഞിട്ടോ അല്ല അത് സംഭവിച്ചിരിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്കാരും വോട്ടുമറിച്ചിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.