തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലമാണെന്ന് പ്രതീക്ഷ പങ്കുവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലുടനീളം എൽഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളതെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റമാണ് പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം മാറിയെന്ന് പാലാ ഉപതെരഞ്ഞെടുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലെ ജനവിധി അതൊന്നുകൂടി പ്രകടമാക്കുമെന്നും കോടിയേരി പറഞ്ഞു.
അരൂരിൽ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും എസ്എൻഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷ. പൊതുവിൽ അവർ എൽഡിഎഫിന് അനുകൂലമായ സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ബിഡിജെഎസ് ഇനിയും ബിജെപിക്കൊപ്പം നിൽക്കേണ്ടതുണ്ടോ എന്നത് ആ പാർട്ടി തന്നെയാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിക്കൊപ്പം കൂടിയാൽ എന്തായിരിക്കും അവസ്ഥയെന്ന് തങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. ഇപ്പോൾ അക്ഷാർത്ഥത്തിൽ ഒരു അനുഭവമായി അവർക്ക് ബോധ്യമായിട്ടുണ്ടാവുമെന്നും കോടിയേരി പറഞ്ഞു.
Discussion about this post