കോഴിക്കോട്: ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് വിളിപ്പിച്ചത്. ഷാജുവിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായാണു സൂചന. ജോളിയുടെ പല വെളിപ്പെടുത്തലുകളും ഷാജുവിന് കുരുക്കാകും. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. താൻ പൂർണമായും നിരപരാധിയാണെന്നാണ് ജോളി കസ്റ്റഡിയിലായ ദിവസം ഷാജു പറഞ്ഞിരുന്നു. എന്നാൽ തെളിവുകൾ ഷാജുവിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. സിലിയുടെയും കുഞ്ഞിന്റെയും മരണത്തെ കുറിച്ച് ജോളി അറസ്റ്റിലാകുന്നതിന് മുമ്പും ഷാജുവിന് അറിയാമായിരുന്നു എന്നാണ് വിവരം.
അതേസമയം, ഷാജുവിന് പുറമെ കൊലപാതക പരമ്പരയിലെ അന്വേഷണം റിട്ട. എസ്ഐയിലേക്കും നീങ്ങുന്നു. 2011ൽ റോയ് തോമസിന്റെ മരണം അന്വേഷിച്ച കോടഞ്ചേരി എസ്ഐ രാമുണ്ണിനോട് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. റോയിയുടേത് ആത്മഹത്യയാണെന്നു കണ്ടെത്തിയത് രാമനുണ്ണിയായിരുന്നു. റോയിയുടെ ശരീരത്തിലെ സയനൈഡിന്റെ അംശത്തെക്കുറിച്ചും ബന്ധുക്കളുടെ സംശയത്തെ സംബന്ധിച്ചും അന്ന് അന്വേഷണം നടത്തിയിരുന്നില്ല.
ആറ് കൊലപാതകങ്ങളിലും ജോളിയെ വ്യത്യസ്തരായ ആളുകൾ സഹായിച്ചിട്ടുണ്ട് എന്നാണ് പോലീസിന്റെ നിഗമനം. ഇവരെല്ലാവരും നിരീക്ഷണത്തിലാണ്. സർക്കാർ ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും അന്വേഷണ പരിധിയിലുണ്ട്. ജോളി ഉൾപ്പെടെ റിമാൻഡിലുള്ളവരെ ബുധനാഴ്ചതന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. ഇവരെ വീണ്ടും ചോദ്യം ചെയ്ത ശേഷം കൂടുതൽ അറസ്റ്റിലേക്കു നീങ്ങുമെന്നാണ് സൂചന. ജോളിയുടെ ഭൂമി ഇടപാടുമായി നിലനിൽക്കുന്ന ദുരൂഹതകൾ നീക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി.
Discussion about this post