സന്നിധാനം: ശബരിമലയില്‍ കനത്ത സുരക്ഷ. മണ്ഡലകാലം തുടങ്ങിയതോടെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കി. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ബിജെപി നേതാക്കളെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്.
പട്ടികജാതി മോര്‍ച്ചാ സംസ്ഥാനപ്രസിഡന്റ് പിസുധീറിനെയും ശബരിമല ആചാരസംരക്ഷണസമിതി പൃത്ഥ്വിപാലിനെയും ഇന്ന് പുലര്‍ച്ചെയാണ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെപിശശികലയെ അറസ്റ്റ് ചെയ്തതില്‍ കൂടുതല്‍ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തമ്പടിക്കാനോ കൂട്ടം കൂടാനോ പോലീസ് അനുവദിക്കുന്നില്ല.
ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതകളിലും വന്‍ സുരക്ഷാക്രമീകരണങ്ങളാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി വനത്തില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ നേരത്തെ വിശദമാക്കിയിട്ടുണ്ട്. അഴുതക്കടവ് – ചെറിയാനവട്ടം , സത്രം- സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് വനംവകുപ്പ് പെരിയാര്‍ വെസ്റ്റ് ഡിവിഷന് കീഴിലുള്ളത്. ഭക്തര്‍ക്ക് കടന്നുപോകാനായി ഇരുവഴികളും പൂര്‍ണ്ണസജ്ജമായി.
കാനനപാതയില്‍ പലയിടങ്ങളിലായി സേവനകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങള്‍ തടയാനും സംവിധാനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാതവഴി സന്നിധാനത്തെത്തിയത്. ഇത്തവണ കൂടുതല്‍ പേരെത്തുമാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്.
Discussion about this post