കെഎസ്ആര്‍ടിസി പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല; തൊഴിലാളികള്‍ക്ക് ഇതുവരെ ശമ്പളം നല്‍കിയില്ല, പ്രതിഷേധവുമായി യൂണിയനുകള്‍

അതേസമയം കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസ സഹായമായി 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയ്ക്ക് ഇതുവരെ പരിഹാരമായില്ല. ഒക്ടോബര്‍ മാസം ഒരാഴ്ച പിന്നിട്ടും ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് പ്രതിഷേധവുമായി യൂണിയനുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി യൂണിയന്‍ ഇന്ന് പ്രത്യക്ഷ പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കും. കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം ആയിരുന്നു. 192 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. എന്നിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവില്‍. പ്രതിമാസം 86 കോടി രൂപയാണ് ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടത്.

കഴിഞ്ഞ മാസത്തെ ശമ്പളം, സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍, ഇന്ധനം എന്നിവക്കുള്ള ബാധ്യത തീര്‍ക്കാന്‍ പയോഗിച്ചതാണ് ഈ മാസം ശമ്പളവിതരണം വൈകാന്‍ കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ന് ചീഫ് ഓഫീസിനു മുന്നിലും, കൊച്ചി, കോഴിക്കോട്, സോണല്‍ ഓഫീസുകള്‍ക്കു മുന്നിലുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതേസമയം കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസ സഹായമായി 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പൂജ അവധിക്കു ശേഷമേ ഈ പണം കെഎസ്ആര്‍ടിസിക്ക് ലഭിക്കുകയുള്ളൂ. പത്താം തീയതിയോടെ ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി.

Exit mobile version