2018ലെ പ്രളയകാലത്ത് പ്രശാന്ത് എവിടെ ആയിരുന്നുവെന്നല്ലേ അറിയേണ്ടത്? അന്നും ഉണ്ട് ദുരന്തമുഖത്ത്; ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി തോമസ് ഐസക്

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മേയറായ വികെ പ്രശാന്തിനെ പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി ചോദ്യങ്ങളും ആരോപണങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇപ്പോള്‍ എല്ലാത്തിനുമുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

2018ലെ പ്രളയകാലത്ത് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് എവിടെയായിരുന്നു എന്നാണ് പ്രധാനമായും ഉയര്‍ന്ന ചോദ്യം. ഇതിനാണ് അന്നത്തെ പത്ര വാര്‍ത്ത ഉള്‍പ്പടെ പങ്കുവെച്ച് മന്ത്രി മറുപടി പറഞ്ഞിരിക്കുന്നത്. അന്ന് നടത്തിയ സേവനങ്ങളും അദ്ദേഹം അക്കമിട്ടു നിരത്തി. വട്ടിയൂര്‍ക്കാവില്‍ ഈ നെഞ്ചിടിപ്പെങ്കില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും അവസ്ഥയെന്തായിരിക്കുമെന്നും മന്ത്രി തുറന്നടിച്ച് ചോദിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 2014ല്‍ 23.38 ശതമാനം, 2016ല്‍ 29.50, 2019ല്‍ 21.69 എന്നിങ്ങനെയായിരുന്നു ഈ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതമെന്നും അദ്ദേഹം കുറിച്ചു. ഈ മൂന്നു തെരഞ്ഞെടുപ്പുകളിലും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യഥാക്രമം യുഡിഎഫും ബിജെപിയുമാണ്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, ഇരുകൂട്ടരുടെയും പൊതുശത്രു നിലവിലെ മൂന്നാംസ്ഥാനത്തുള്ള എല്‍ഡിഎഫാണ്. എന്തൊരു ആവേശത്തിലാണ് പ്രശാന്തിനെ ഇരുകൂട്ടരും ചേര്‍ന്ന് ആക്രമിക്കുന്നത്? അതിനര്‍ത്ഥം രണ്ടു മുന്നണികളുടെയും ക്യാമ്പുകളില്‍ പ്രശാന്ത് ഭയം വിതച്ചു കഴിഞ്ഞു എന്നാണെന്നും മന്ത്രി കുറിച്ചു.

2018ല്‍ ചെയ്ത അതേ കാര്യം തന്നെയാണ് പ്രശാന്ത് 2019ലും ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി. ആ മഹാപ്രയത്‌നത്തില്‍ മേയറോടൊപ്പം ജനപ്രതിനിധികളും ജീവനക്കാരും ഗ്രീന്‍ ആര്‍മിയും, സന്നദ്ധപ്രവര്‍ത്തകരും സുമനസുകളായ നഗരവാസികളുമെല്ലാമുണ്ടായിരുന്നു. അന്നുണ്ടാക്കിയ കൂട്ടായ്മ 2019ലും തുടരുകയായിരുന്നുവെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വട്ടിയൂര്‍ക്കാവില്‍ ഈ നെഞ്ചിടിപ്പെങ്കില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും അവസ്ഥയെന്തായിരിക്കും? വട്ടിയൂര്‍ക്കാവില്‍ ഒന്നും രണ്ടും സ്ഥാനത്താണവര്‍, കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായി. പക്ഷേ, ഇക്കുറി വി കെ പ്രശാന്തിനു മുന്നില്‍ ഇരുവരുടെയും മുട്ടിടിക്കുകയാണ്. 2018ലെ പ്രളയകാലത്ത് മേയര്‍ എവിടെയായിരുന്നു എന്നാണ് ഇപ്പോഴവര്‍ക്ക് അറിയേണ്ടത്. അതിനു മറുപടി പറയാം. അതിനു മുമ്പൊരു കാര്യം.

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു. 2014ല്‍ 23.38 ശതമാനം, 2016ല്‍ 29.50, 2019ല്‍ 21.69 എന്നിങ്ങനെയായിരുന്നു ഈ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം. ഈ മൂന്നു തിരഞ്ഞെടുപ്പുകളിലും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യഥാക്രമം യുഡിഎഫും ബിജെപിയുമാണ്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, ഇരുകൂട്ടരുടെയും പൊതുശത്രു നിലവിലെ മൂന്നാംസ്ഥാനത്തുള്ള എല്‍ഡിഎഫാണ്. എന്തൊരു ആവേശത്തിലാണ് പ്രശാന്തിനെ ഇരുകൂട്ടരും ചേര്‍ന്ന് ആക്രമിക്കുന്നത്? അതിനര്‍ത്ഥം രണ്ടു മുന്നണികളുടെയും ക്യാമ്പുകളില്‍ പ്രശാന്ത് ഭയം വിതച്ചു കഴിഞ്ഞു എന്നാണ്. അതുകൊണ്ടാണ് രാഷ്ട്രീയം മറന്ന്, പിച്ചും പേയും പറയുന്നത്. സമനില തെറ്റിയതിന്റെ ലക്ഷണമാണ് 2018ലെ പ്രളയകാലത്ത് മേയറെവിടെപ്പോയിരുന്നു എന്നൊക്കെയുള്ള അസംബന്ധ ചോദ്യങ്ങള്‍.

2018ലെ പ്രളയകാലത്ത് പ്രശാന്ത് എവിടെ ആയിരുന്നുവെന്നല്ലേ അറിയേണ്ടത്? മറുപടി പറയാം. 410 സന്നദ്ധ പ്രവര്‍ത്തകര്‍ , 2 സക്കിങ് മെഷീനുകള്‍ ,3 ജനറേറ്ററുകള്‍ , 4 വാട്ടര്‍ പമ്പുകള്‍ , നിരവധി ഫോഗിങ് മെഷീനുകളും , പവര്‍ സ്‌പ്രേയറുകളും , 2 വാട്ടര്‍ ടാങ്കറുകള്‍ , 2 ടിപ്പര്‍ ലോറി, ഒരു പിക്അപ് ഓട്ടോറിക്ഷ , ഒരു ലോറി നിറയെ പണിയായുധങ്ങളും ശുചീകരണ സാമഗ്രികളും , അന്‍പത് പേരടങ്ങുന്ന മെഡിക്കല്‍ സംഘവും 2 ലോറി നിറയെ മരുന്നുമടങ്ങുന്ന സന്നാഹത്തെ നയിച്ച് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് റാന്നി പട്ടണത്തിലെത്തിയത് 2018 ഓഗസ്റ്റ് 22നാണ്. ഒപ്പം, ഡെപ്യൂട്ടി മേയറും ,സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാരും അടങ്ങുന്ന നേതൃനിര. തിരുവനന്തപുരം കോര്‍പറേഷനിലെ എല്‍ഡിഎഫിന്റെ നേതൃനിര 2018ലെ പ്രളയത്തിലും സജീവമായിരുന്നു.

പ്രളയം മൂലം ദുരിതത്തിലായവരെ സഹായിക്കുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അന്നും തലസ്ഥാനവാസികള്‍ ഒന്നടങ്കം തയാറായി. അതിന്റെ ഭാഗമായാണ് മാലിന്യവും ചെളിയും കൊണ്ട് മൂടിയ റാന്നിയിലെ വീടുകള്‍ വൃത്തിയാക്കാനായി മേയര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ സംഘമെത്തിയത്തിയത്. പ്രളയ ബാധിത മേഖലകളില്‍ ശുചീകരണത്തിനായി സര്‍വ്വ സന്നാഹവുമായി എത്തിയ ആദ്യ സംഘവും ഇതായിരുന്നു . മൂന്നു ദിവസം ക്യാമ്പ് ചെയ്ത് റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിലായി 350 വീടുകളും പെരുമ്പുഴ ബസ് സ്റ്റാന്‍ഡും പഞ്ചായത്ത് ഓഫീസും ശുചിയാക്കിയാണ് പ്രശാന്തും സംഘവും മടങ്ങിയത് . ആലപ്പുഴയില്‍ നടന്ന മെഗാ ക്ലീനിങ്ങിലും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ ബാബുവിന്റെ നേതൃത്വത്തില്‍ അന്‍പതു പേരടങ്ങുന്ന തിരുവനന്തപുരം ടീം എത്തിയിരുന്നു. ഈ ടീമിനെ എസ്ഡി കോളജില്‍ ഞാനാണ് സ്വീകരിച്ചത്.

2018ലും പേമാരി പ്രളയമായി മാറിത്തുടങ്ങിയപ്പോള്‍ തന്നെ തിരുവനന്തപുരം നഗര സഭാ ഓഫീസിനു മുന്‍വശത്തു ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൌണ്ടര്‍ തുറന്നു. അതിനു പുറമേ നഗരത്തിലെ 18 കേന്ദ്രങ്ങളില്‍ പ്രത്യേക ഏക ദിന കൗണ്ടറുകളും ഈ ആവശ്യത്തിലേക്കായി തുറന്നു. ഈ കൗണ്ടറുകളിലൂടെ ശേഖരിച്ച 54 ലോഡ് സാധനങ്ങള്‍ ദുരിത ബാധിത മേഖലകളിലേക്ക് ആവശ്യാനുസരണം എത്തിച്ചു. തൃശൂര്‍, കട്ടപ്പന, അടൂര്‍,ആലപ്പുഴ,ചെങ്ങന്നൂര്‍, വൈക്കം,ഹരിപ്പാട്, കായംകുളം,ചങ്ങനാശ്ശേരി തുടങ്ങി പ്രളയം ബാധിച്ച എല്ലാ സ്ഥലങ്ങളിലേക്കും നഗര സഭാ വാഹനങ്ങള്‍ ആശ്വാസവുമായെത്തി . ഏറ്റവും ഒടുവില്‍ കുട്ടനാട്ടില്‍ ശുചീകരണ സാമഗ്രികളും ബ്ലീച്ചിങ് പൗഡറും ആവശ്യമുണ്ടെന്നറിഞ്ഞു അതും എത്തിച്ചു. അടിയന്തിര സാഹചര്യം മുന്നില്‍ വന്നപ്പോള്‍ ലഭ്യമായ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സാധ്യമായതെല്ലാം ചെയ്യാന്‍ അന്നും പ്രശാന്ത് മുന്‍നിരയിലുണ്ടായിരുന്നു.

2018ല്‍ ചെയ്ത അതേ കാര്യം തന്നെയാണ് 2019ലും ചെയ്തത്. ആ മഹാപ്രയത്‌നത്തില്‍ മേയറോടൊപ്പം ജനപ്രതിനിധികളും ജീവനക്കാരും ഗ്രീന്‍ ആര്‍മിയും, സന്നദ്ധപ്രവര്‍ത്തകരും സുമനസുകളായ നഗരവാസികളുമെല്ലാമുണ്ടായിരുന്നു. അന്നുണ്ടാക്കിയ കൂട്ടായ്മ 2019ലും തുടരുകയായിരുന്നു. 2018ലെ പ്രളയകാലത്ത് തിരുവനന്തപുരം മേയറെവിടെയായിരുന്നു എന്നു ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ഈ മറുപടി പറയാന്‍ കഴിയും. പക്ഷേ, ഈ ചോദ്യം ഉന്നയിക്കുന്നവരെവിടെയായിരുന്നു? അതിനും വേണമല്ലോ മറുപടി.

പ്രളയകാലത്തു മാത്രമല്ല, മേയര്‍ ഉണര്‍ന്നിരുന്നത്. മാലിന്യവിമുക്ത തിരുവന്തപുരത്തിനു വേണ്ടിയുള്ള പ്രശംസനീയമായ പ്രവര്‍ത്തനത്തിനും പ്രശാന്തിന്റെ നേതൃത്വമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തിരുവനന്തപുരത്തെ എംഎല്‍എമാരുടെ പങ്ക് എന്തായിരുന്നു എന്നും വേണമെങ്കില്‍ നമുക്കു ചര്‍ച്ച ചെയ്യാം. യുഡിഎഫിന്റെ എംഎല്‍എമാരാണല്ലോ നഗരത്തിലുള്ളത്. ഇങ്ങനെയൊരു പാര്‍ടിസാന്‍ ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെങ്കിലും ഞങ്ങളെ നിര്‍ബന്ധിതരാക്കുകയാണ് യുഡിഎഫ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, മാലിന്യവിമുക്ത തിരുവനന്തപുരത്തിനു വേണ്ടിയുള്ള യത്‌നങ്ങളിലും തങ്ങളുടെ എംഎല്‍എമാരുടെ പങ്കെന്തായിരുന്നു എന്ന് യുഡിഎഫ് വിശദീകരിക്കണം. (2018ലെ ഇതു സംബന്ധിച്ച മനോരമയുടെയും മാതൃഭൂമിയുടെയും വാര്ത്തകളും പങ്കുവെയ്ക്കുന്നു).

Exit mobile version