പൊന്നാനിയില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യമെന്ന് പരാതി

ബ്ലീച്ചിംഗ് പൗഡറിട്ട് ശുദ്ധീരിക്കുന്നതല്ലാതെ മറ്റ് ശാസ്ത്രീയ രീതിയിലുള്ള കുടിവെള്ള ശുദ്ധീകരണം ഇവിടെയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

മലപ്പുറം: പൊന്നാനിയില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യമെന്ന് നാട്ടുകാരുടെ പരാതി. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലേക്കും വര്‍ഷങ്ങളായി കുടിവെള്ളം വിതരണം ചെയ്യുന്നത് തവനൂര്‍ നരിപ്പറമ്പിലെ ഭാരതപുഴയില്‍ നിന്നാണ്. എന്നാല്‍ ബ്ലീച്ചിംഗ് പൗഡറിട്ട് ശുദ്ധീരിക്കുന്നതല്ലാതെ മറ്റ് ശാസ്ത്രീയ രീതിയിലുള്ള കുടിവെള്ള ശുദ്ധീകരണം ഇവിടെയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

കുടിവെള്ളത്തില്‍ മാലിന്യം പതിവായതോടെ കഴിഞ്ഞ വര്‍ഷമാണ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന് എഴുപത്തിനാല് കോടിരൂപ അനുവദിച്ചത്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നരിപ്പറമ്പില്‍ നടന്നുവരികയാണ്.

ഈ ജോലിയുമായി ബന്ധപ്പെട്ട് എതാണ്ട് അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ പദ്ധതി പ്രദേശത്ത് താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറികള്‍ കുടിവെള്ള പദ്ധതിയോട് ചേര്‍ന്നാണ് നിര്‍മ്മാണ കമ്പനി ഉണ്ടാക്കി നല്‍കിയത്. ഇവിടെ നിന്നുള്ള മാലിന്യവും ഇപ്പോള്‍ കുടിവെള്ളത്തില്‍ കലരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

എന്നാല്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് സുരക്ഷിത അകലം പാലിച്ചാണ് ശുചി മുറികള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് വാട്ടര്‍ അതോറിട്ടിയുടെ വിശദീകരണം. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും വാട്ടര്‍ അതോറിട്ടി അറിയിച്ചു.

Exit mobile version