വയനാട്: രാത്രി യാത്രാ നിരോധനത്തിനെതിരെ വയനാട്ടിലെ ബത്തേരിയില്‍ തുടങ്ങിയ സമരം ഇന്ന് അവസാനിപ്പിച്ചേക്കും. ഗതാഗതമന്ത്രി എകെ ശശീന്ദ്രന് സമരപന്തലിലെത്തി സമരക്കാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതോടെ നിരാഹാരമടക്കം അവസാനിപ്പിക്കാനാണ് സാധ്യത.
പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിലൂടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ ഉറപ്പാക്കാനായെന്ന വിലയിരുത്തലിലാണ് സംയുക്ത സമര സമിതി. ഇന്ന് ഗതാഗത മന്ത്രിയടക്കം സമരപ്പന്തലില്‍ നേരിട്ടെത്തി പിന്തുണ ആവര്‍ത്തിക്കുന്നതോടെ സമരത്തിന്റെ ഒന്നാംഘട്ടം അവസാനിപ്പിക്കാനാണ് നിലവിലെ ധാരണ.
പക്ഷെ പകല്‍ കൂടി ഗതാഗത നിയന്ത്രണം നീട്ടാനുള്ള നീക്കം കോടതി ആവര്‍ത്തിച്ചാല്‍ സമരം പുനരാരംഭിക്കുമെന്നു സമരക്കാര്‍ ഓര്‍മപ്പെടുത്തുന്നു. വൈകിട്ടോടെ മുഴുവന്‍ സമരാനുകൂലികളെയും പങ്കെടുപ്പിച്ചുള്ള ഐക്യദാര്‍ഢ്യ സമ്മേളനവും നടക്കും.
അതേസമയം, രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് ഒക്ടോബര്‍ പതിനെട്ടിന് സുപ്രീം കോടതി പരിഗണിക്കും.