ന്യൂഡൽഹി: രാജ്യം കടുത്ത പ്രളയം നേരിട്ട ഈ വർഷത്തിൽ ഉണ്ടായ നാശനഷ്ടം നേരിടാൻ കർണാടകയ്ക്കും ബിഹാറിനും 1800 കോടിയുടെ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. രണ്ട് സംസ്ഥാനങ്ങളിലെയും സ്ഥിതി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തത്. ബിഹാറിന് 400 കോടിയും കർണാടകയ്ക്ക് 1200 കോടിയുമാണ് അനുവദിച്ചത്.
ബിഹാറിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള രണ്ടാം ഗഡുവായി 213.75 കോടി കൂടിയാണ് അമിത് ഷാ അനുവദിച്ചത്. ഇതോടെ ബിഹാറിന് ആകെ 613.75 കോടിയുടെ സഹായമാണ് ലഭിക്കുക. അതേസമയം ഇത്തവണയും പ്രളയം കനത്ത നാശനഷ്ടങ്ങൾ വരുത്തിയ കേരളത്തിന് കേന്ദ്രസഹായം പ്രഖ്യാപിച്ചില്ല. സംസ്ഥാനത്ത് 2019 ലെ മൺസൂൺ മഴക്കാലത്ത് ഉരുൾപൊട്ടലിലും മറ്റുമായി 2101.9 കോടിയുടെ സഹായം വേണമെന്നാണ് സംസ്ഥാനം കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ തീരുമാനം വന്നിട്ടില്ല. കേരളത്തിൽ 181 പേർ 2019 ലെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും മരിച്ചതായാണ് കണക്ക്. 72 പേർക്ക് പരിക്കേറ്റു. 15 പേരെ കാണാതായി. സംസ്ഥാനത്തൊട്ടാകെ 2227 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4.46 ലക്ഷം പേർ ഇവിടെ അഭയം തേടിയെന്നുമാണ് സ്ഥിരീകരിക്കപ്പെട്ട അന്തിമ റിപ്പോർട്ട്.
അതേസമയം, കേരളത്തെ അപേക്ഷിച്ച് ബിഹാറിലും കർണാടകത്തിലും ഇത്രയേറെ നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബിഹാറിൽ 161 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. 1.26 ലക്ഷം പേരെ 235 ദുരിതാശ്വാസ ക്യാംപുകളിൽ പ്രവേശിപ്പിച്ചു. 27 ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്.
കർണാടകത്തിൽ 106 പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 13 ജില്ലകളിലായി ആറ് പേരെ കാണാതായി. 3233 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 2.48 ലക്ഷം പേരെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു.
Discussion about this post