സുല്‍ത്താന്‍ ബത്തേരി: ബംഗളൂരുവില്‍ നിന്ന് കോഴിക്കോടിന് പുറപ്പെട്ട നാല് കെഎസ്ആര്‍ടിസി ബസുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ കുടുങ്ങിക്കിടക്കുന്നു. നൂറ്റന്പതോളം യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. രാത്രി ബസുകള്‍ ബംഗളൂരുവില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നില്ല. കുടുങ്ങിക്കിടക്കുന്നവരില്‍ കുഞ്ഞുങ്ങളും പ്രായമായവരും ഉണ്ട്.
ഹര്‍ത്താല്‍ ആയതിനാല്‍ കടകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ലാതെ യാത്രക്കാര്‍ ദുരിതത്തിലാണ്. കോഴിക്കോട് എത്തിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഹര്‍ത്താലനുകൂലികളുടെ ആക്രമണം ഭയന്ന് ജീവനക്കാര്‍ അതിന് തയ്യാറായില്ല.
ബസുകളുടേയും യാത്രക്കാരുടേയും സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. പോലീസ് സംരക്ഷണയില്‍ ബസുകള്‍ കോഴിക്കോട്ടേക്ക് എത്തിക്കണം എന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ബത്തേരി പോലീസ് അതിന് തയ്യാറായിട്ടില്ല. നിരവധി പോലീസ് സ്റ്റേഷന് അതിര്‍ത്തികള്‍ കടന്നുപോകേണ്ടതുകൊണ്ടാണിത്.
അതേ സമയം, കോയമ്പത്തൂരിലേക്ക് പോകേണ്ട മറ്റൊരു ബസ് സുരക്ഷ നല്കി അതിര്‍ത്തി കടത്തിവിടാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.
Discussion about this post