കോഴിക്കോട്: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് എത്തിയതിനു പിന്നാലെ സംഘപരിവാര്‍ ഭീഷണി നേരിട്ട ബിന്ദു തങ്കം കല്ല്യാണി ഈ മണ്ഡലകാലത്ത് ശബരിമലയിലേക്ക് ഇല്ലെന്ന്.
ഈ മണ്ഡല കാലത്ത് ശബരിമല കയറാനില്ലെന്നാണ് ബിന്ദു തങ്കം കല്യാണി പറയുന്നത്. അന്ന് മല കയറാന്‍ ശ്രമിച്ചതിന് പിന്നാലെ ജോലി സ്ഥലത്തും താമസ സ്ഥലത്തും നേരിട്ടുകൊണ്ടിരിക്കുന്ന അധിക്ഷേപങ്ങള്‍ തുടരുന്നതിനെ തുടര്‍ന്നാണ് ഈ സീസണിലെ മല ചവിട്ടേണ്ടതില്ലെന്ന് ബിന്ദു തങ്കം കല്യാണിയുടെ തീരുമാനം. കഴിഞ്ഞ തവണ പോയതിന്റെ അലയൊലികള്‍ ഇപ്പോഴും മാറിയിട്ടില്ല. ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതിന് ശേഷമെ ഇനി ശബരിമലയിലേക്ക് എത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നുള്ളു. നിരന്തരം അപമാനിക്കപ്പെടുകയാണ് എന്നും അവര്‍ പറയുന്നു. ശബരിമലയില്‍ ദര്‍ശനത്തിന് ശ്രമിച്ചതിന് ശേഷം പ്രതിഷേധം കനത്തതോടെ അഗളി ഗവ.വൊക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറി. ഇവിടെ എത്തിയപ്പോള്‍ ശരണം വിളികളോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്.
പിടിഎ ഇടപെട്ടതോടെ കുട്ടികളുടെ ഭാഗത്ത് നിന്നുമുള്ള പ്രതിഷേധം അവസാനിച്ചു. എന്നാല്‍ ശബരിമല കര്‍മസമിതിയുടെ ബിന്ദുവിനെതിരായ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്നു ബിന്ദു.