നിലയ്ക്കല്‍: മണ്ഡല കാലത്തിന് തുടക്കമായതോടെ ഇന്ന് നിലയ്ക്കലിലെത്തിയ രാഹുല്‍ ഈശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുല്‍ ഈശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാതെ എത്തിയ രാഹുല്‍ ഈശ്വര്‍ സന്നിധാനത്തേക്ക് പോകാന്‍ തയ്യാറെടുത്തെ രാഹുലിനോട് സന്നിധാനത്ത് എത്തിയാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
ഇതോടെ സന്നിധാനത്തേയ്ക്ക് പോകുന്ന നിലപാട് രാഹുല്‍ ഈശ്വര്‍ മാറ്റിവെയ്ക്കുകയായിരുന്നു. പോകില്ലെന്ന് രാഹുല്‍ പോലീസിന് ഉറപ്പ് നല്കി. തുലാമാസ പൂജക്കായി നട തുറന്നപ്പോള്‍ തീര്‍ത്ഥാടകരെ തടഞ്ഞതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാന്‍ ചിലര്‍ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രാഹുല്‍ വീണ്ടും അറസ്റ്റിലായത്.
ഈ സാഹചര്യത്തിലാണ് സന്നിധാനത്തേക്ക് പോയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചത്. ഇതോടെ പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട ശേഷം രാഹുല്‍ മടങ്ങി. നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡല കാലത്ത് യുവതികളെ സന്നിധാനത്ത് എത്താതെ നോക്കുമെന്നും അതിനായി പോണ്ടിച്ചേരിയില്‍ നിന്നടക്കം ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകരെ എത്തിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. മാത്രമല്ല ഇതിനായി പ്ലാന്‍ ബിയും സിയുമടക്കം നിരവധി പ്ലാനുകളുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
Discussion about this post