കോഴിക്കോട്: ബിജെപിയില്‍ ചേര്‍ന്നത് തെറ്റായ തീരുമാനം ആയിരുന്നുവെന്ന് കാലിക്കറ്റ് മുന്‍ രജിസ്ട്രാര്‍ ടികെ ഉമ്മറിന്റെ തുറന്ന് പറച്ചില്. അങ്ങനെ തോന്നിയതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും രാജിവെയ്ക്കാനുള്ള തീരുമാനം തീര്‍ത്തും വ്യക്തിപരമാണെന്നും അദ്ദേഹം പറയുന്നു. ബിജെപി പാര്‍ട്ടിയുമായി യോജിച്ചു പോകുവാന്‍ കഴിയില്ലെന്ന ചിന്ത അവസാനം എത്തിയത് രാജിയില്‍ ആയിരുന്നുവെന്നും ഉമ്മര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഓഗസ്റ്റിലാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ രജിസ്ട്രാറും വിവിധ കോളേജുകളില്‍ അധ്യാപകനുമായ സേവനം അനുഷ്ഠിച്ച പ്രൊഫ. ടികെ ഉമ്മര്‍ ബിജെപിയില്‍ ചേര്‍ന്നത്യ ഓണ്‍ലൈന്‍ വഴിയാണ് അംഗത്വം എടുത്തതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും ഉമ്മര്‍ കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ അബ്ദുള്‍സലാം ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് താനും പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം പറയുന്നു.
കോഴിക്കോട് നടന്ന പുതുതായി അംഗത്വമെടുത്ത ന്യൂനപക്ഷ അംഗങ്ങള്‍ക്ക് സ്വീകരണപരിപാടിയില്‍ താന്‍ പങ്കെടുത്തതായി ബിജെപി പ്രചരിപ്പിച്ചുവെന്ന് ഉമ്മര്‍ പറയുന്നു. പക്ഷേ, ആ ചടങ്ങിന്റെ നോട്ടീസില്‍ തന്റെ പേര് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോഴും താന്‍ ബിജെപിയിലാണെന്ന പ്രചരണം തുടരുന്നതിനാലാണ് പാര്‍ട്ടി വിട്ടതായി കഴിഞ്ഞദിവസം ഔദ്യോഗികപ്രഖ്യാപനം നടത്തിയതെന്നും ഉമ്മര്‍ തുറന്ന് പറഞ്ഞു.
Discussion about this post