വടകര: കോഴിക്കോട് കൂടത്തായിയിലെ കൊലപാതകങ്ങൾക്ക് പിന്നിൽ ജോളിയുടെ മാസ്റ്റർ ബ്രെയിൻ ആയിരിക്കില്ലെന്ന് മുൻ എസ്പി ജോർജ് ജോസഫ്. ദീർഘകാലത്തെ ഇടവേളകളിൽ കൊലപാതകങ്ങൾ നടത്തിയത് ജോളിയാണെങ്കിലും കൊലപാതകങ്ങളുടെ മാസ്റ്റർ ബ്രെയിൻ അവരുടേതാവില്ല. ഈ കേസ് വളരെ ദുരൂഹമാണ്. പോലീസ് ഏറെ സമർത്ഥയോടെയും സമചിത്തതയോടെയുമാണ് കൈകാര്യം ചെയ്യുന്നതെന്നും മുൻ എസ് പി ജോർജ് ജോസഫ് പറയുന്നു.
സയനൈഡാണ് ഉപയോഗിച്ചതെങ്കിൽ അത് ജോളിക്ക് എത്തിച്ച് നൽകാനും അത് രഹസ്യമാക്കി വക്കാനും ഈ സംഭവങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തത് ഈ മാസ്റ്റർ ബ്രെയിൻ ആണ്. ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന് കേസിൽ വ്യക്തമായ പങ്കുണ്ട്. അന്നമ്മയുടെ മരണ ശേഷം ഷാജുവിനെ ആ വീട്ടിൽ വരുന്നതിൽ നിന്ന് ടോം തോമസ് വിലക്കിയിരുന്നെന്നും ഇവർ രണ്ടുപേരുടേയും ഡയറികളും കാണാതായിട്ടുണ്ടെന്നും ഈ തെളിവുകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർത്തു.
അന്നമ്മ തോമസിന്റെ എട്ട് പവനോളം സ്വർണ്ണം കാണാതായതിനു പിന്നിൽ ജോളിക്ക് പങ്കുണ്ടാകാം. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച വിഷപദാർത്ഥം ജോളി കയ്യിൽ തന്നെ കൊണ്ടുനടന്നിരിക്കാം. അവസരങ്ങൾ വന്നപ്പോൾ അവ ഉപയോഗിച്ചിരിക്കാനാണ് സാധ്യതയെന്നും ജോർജ് ജോസഫ് പറയുന്നു.
എന്നാൽ സയനൈഡ് പദാർത്ഥങ്ങളാണ് മരണങ്ങൾക്ക് പിന്നിലെങ്കിൽ അവ ഇത്രയധികം വർഷങ്ങൾക്ക് ശേഷം കണ്ടെത്താനുള്ള സാധ്യത കുറവാണെന്ന് മുൻ ചീഫ് കെമിക്കൽ എക്സാമിനർ കെജി ശിവദാസൻ പറയുന്നു. മെറ്റാലിക് അംശമുള്ള വിഷപദാർത്ഥങ്ങളോ കീടനാശിനിയോ ആണെങ്കിൽ മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്താൻ സാധിക്കുമെന്നും എല്ലിലോ നഖത്തിലോ സയനൈഡിന്റെ സാന്നിധ്യം കാണാൻ സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post