കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സൗദി എയറിന്റെ ജിദ്ദ സര്‍വ്വീസിന് ഡിജിസിഎ അനുമതി നല്‍കിയത് എമിറേറ്റ്സ്, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ക്കും കോഴിക്കോട്ടേക്കുള്ള വഴിതുറക്കുന്നു. സി വിഭാഗത്തില്‍പ്പെട്ട ചെറുവിമാനങ്ങള്‍ സ്വന്തമായി ഇല്ലാത്തതിനാലാണ് എമിറേറ്റ്സ് കോഴിക്കോട് സര്‍വ്വീസ് അവസാനിപ്പിച്ചത്.
മികച്ച രീതിയില്‍ നടന്നിരുന്ന സര്‍വ്വീസ് എമിറേറ്റ്സിന് ഏറെ പ്രധാനവുമായിരുന്നു. റണ്‍വേ നവീകരണം പൂര്‍ത്തിയായ ശേഷം കോഴിക്കോട് സര്‍വ്വീസ് നടത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് അനുമതി ലഭ്യമായില്ല. സൗദി എയര്‍ലൈന്‍സ് എത്തുന്നതോടെ ഇവര്‍ക്കും കോഴിക്കോട് വിമാനത്താവളത്തില്‍ സര്‍വ്വീസിന് അനുമതി നല്‍കേണ്ടിവരും.
എയര്‍ ഇന്ത്യയുടെ ഏറ്റവും ലാഭകരമായ റൂട്ടായിരുന്നു കോഴിക്കോട്-ജിദ്ദ ജംബോ സര്‍വീസ്. ഇതു പിന്‍വലിച്ചതോടെ കോഴിക്കോട്ടു നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവാണ് എയര്‍ ഇന്ത്യക്കുണ്ടായത്. ചെറിയ വിമാനമുപയോഗിച്ച് റിയാദ് സര്‍വീസ് നടത്തിയാണ് ഇവര്‍ പിടിച്ചുനിന്നത്. എന്നാല്‍ സൗദിക്ക് അനുമതി നല്‍കുന്നതോടെ എയര്‍ ഇന്ത്യയ്ക്കും അനുമതി നല്‍കേണ്ടിവരും.
ഉഭയകക്ഷി കരാര്‍പ്രകാരം ഒരു രാജ്യത്തുനിന്ന് വിദേശ കമ്പനിക്ക് അനുവദിക്കുന്ന സീറ്റുകള്‍ക്ക് ആനുപാതികമായി സ്വദേശി എയര്‍ലൈനുകള്‍ക്ക് വിദേശ രാജ്യവും സീറ്റുകള്‍ നല്‍കേണ്ടതുണ്ട്. സൗദി സീറ്റിന്റെ കാര്യത്തില്‍ എയര്‍ ഇന്ത്യക്കായിരിക്കും പ്രഥമ പരിഗണന. ശേഷിക്കുന്ന സീറ്റുകള്‍ മാത്രമായിരിക്കും രാജ്യത്തെ സ്വകാര്യക്കമ്പനികള്‍ക്ക് നല്‍കുക.
ഇത് മുന്നില്‍ക്കണ്ടാണ് എയര്‍ ഇന്ത്യയുടെ ഉന്നതതല സംഘം കഴിഞ്ഞ ദിവസം കോഴിക്കോട് സന്ദര്‍ശിച്ചത്. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 300-നും 500-നും ഇടയ്ക്ക് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ക്ക് കോഴിക്കോട് സര്‍വ്വീസ് നടത്താനാവും.
ഇവര്‍ ലക്ഷ്യംവെക്കുന്നത് പഴയ ജംബോ സര്‍വീസ് പുനരാരംഭിക്കലാണ്. എന്നാല്‍ ഇതിന് ഡിജിസിഎ അനുമതി ലഭിക്കില്ലെങ്കിലും ഇവരുടെ കൈവശമുള്ള ബോയിങ് 787 ഡ്രീം ലൈനര്നിയോ വിമാനങ്ങള്‍ക്കുവരെ കോഴിക്കോട് സുരക്ഷിതമായി ഇറങ്ങാനാവും. 242 മുതല്‍ 335 പേര്‍ക്കുവരെ സഞ്ചരിക്കാവുന്നവയാണ് ഈ വിമാനങ്ങള്‍. ഇവ ഉപയോഗിച്ചുതന്നെ ജിദ്ദ സര്‍വ്വീസ് എയര്‍ ഇന്ത്യയ്ക്ക് നടത്താനാവുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷ.
Discussion about this post