ന്യൂഡൽഹി: മരടിലെ പൊളിക്കാനിരിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ വേണ്ടി ഫ്ളാറ്റ് നിർമ്മാതാക്കളുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടു കെട്ടിയ നടപടിക്കെതിരെ ഫ്ളാറ്റ് നിർമാതാക്കൾ സുപ്രീംകോടതിയിൽ. ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗോൾഡൻ കായലോരം അപ്പാർട്മെന്റ്സ് ഉടമ കെപി വർക്കി ആൻഡ് ബിൽഡേഴ്സും ആൽഫ വെൻച്വർസ് പ്രൈവറ്റ് ലിമിറ്റഡുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ തങ്ങളെ തിരഞ്ഞുപിടിച്ചു വേട്ടയാടുന്നു എന്നാണ് വർക്കി ഗ്രൂപ്പ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ ആരോപിക്കുന്നത്. മരട് പഞ്ചായത്ത് 2007 ൽ പണി പൂർത്തിയാക്കണം എന്ന് തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് 2007 ൽ തന്നെ നിർമ്മാണം പൂർത്തിയായി. അതിന് ശേഷം പുതിയ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ല എന്നും സർക്കാർ ഏജൻസികളുടെ പങ്കിനെ കുറിച്ച് അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ ആയ ഹാരിസ് ബീരാൻ മുഖാന്തിരം ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ വർക്കി ഗ്രൂപ്പ് ഉന്നയിച്ചിട്ടുണ്ട്.
ഫ്ളാറ്റുകൾ നിർമ്മിച്ചതിൽ ചട്ട ലംഘനം ഉണ്ടെങ്കിൽ സ്റ്റോപ്പ് മെമ്മോ എന്തുകൊണ്ട് അന്ന് നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ച് ആൽഫ വെൻച്വർസ് അഭിഭാഷകൻ കെ രാജീവും സത്യവാങ് മൂലം ഫയൽ ചെയ്തിട്ടുണ്ട്. ഫ്ളാറ്റ് നിർമ്മാതാക്കളുടെ സത്യവാങ് മൂലം സുപ്രീം കോടതി ഒക്ടോബർ 25 ന് പരിഗണിക്കും.
Discussion about this post