വടകര: കോഴിക്കോട് കൂടത്തായിയിലെ അടുത്ത ബന്ധുക്കളായ ആറുപേരുടെ മരണത്തിൽ കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. വർഷങ്ങളുടെ ഇടവേളയിൽ മരിച്ചവരുടെ ബന്ധുവായ ജോളിയെയും ഇവർക്ക് സയനൈഡ് എത്തിച്ചുനൽകിയെന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരനെയുമാണ് വടകര റൂറൽ എസ്പി ഓഫീസിൽ ചോദ്യം ചെയ്യുന്നത്. ഇതിനിടെ, സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും, ഇയാളുടെ പിതാവിനെയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും സംഭവത്തിൽ പങ്കില്ലെന്ന ഷാജുവിന്റെ മൊഴി അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല.
കേസിൽ നിലവിൽ കസ്റ്റഡിയിലുള്ള ജോളിയുടേയും ഇവർക്ക് സയനൈഡ് എത്തിച്ച് നൽകിയ ജ്വല്ലറി ജീവനക്കാരന്റേയും അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തിയേക്കും. ഇരുവരും കുറ്റസമ്മതം നടത്തിയതായും വിവരമുണ്ട്. ഭർത്താവ് റോയി തോമസിന്റെ സഹോദരിയേയും വകവരുത്താൻ ശ്രമിച്ചിരുന്നെന്ന് ജോളിയുടെ മൊഴി നൽകിയതായും വിവരമുണ്ട്.
മരിച്ചവരുടെ മൃതദേഹം കല്ലറകളിൽനിന്ന് പുറത്തെടുത്ത് കഴിഞ്ഞദിവസം പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തതോടെയാണ് കൂട്ടകൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചത്. മരിച്ച ആറുപേരുടേയും മൃതദേഹങ്ങളിൽ നിന്ന് സയനൈഡിന്റെ അംശം ലഭിച്ചതായാണ് സൂചന. ഇതിന്റെ കൃത്യമായ റിപ്പോർട്ട് ഫോറൻസിക് ലാബിൽനിന്ന് ലഭിച്ചതിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചതെങ്കിലും ഇവർ കുറ്റം സമ്മതിച്ച സാഹചര്യത്തിൽ ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്തും.
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേർ ഒരേ സാഹചര്യത്തിൽ മരിച്ചത്. കൂടത്തായിയിലെ റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് 2002 ഓഗസ്റ്റ് 22-ന് ആദ്യം മരിച്ചത്. ആട്ടിൻസൂപ്പ് കഴിച്ച ഇവർ തൊട്ടുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ആറുവർഷത്തിനുശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസും ഇതിനു മൂന്നുവർഷത്തിന് ശേഷം ഇവരുടെ മകൻ റോയ് തോമസും മരിച്ചു. 2014 ഏപ്രിൽ 24-ന് അന്നമ്മയുടെ സഹോദരനും അയൽവാസിയുമായ എംഎം മാത്യുവും സമാനസാഹചര്യത്തിൽ മരിച്ചു. ഇതേവർഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ അൽഫൈനയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 2016 ജനുവരി 11-നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്റെ ഭാര്യ ഫിലിയും ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണ് മരിച്ചു. ഇതിനുപിന്നാലെ റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായത്.
Discussion about this post