കൊല്ലം: ലോകത്തെ ബുദ്ധിമാൻമാരുടെ കൂട്ടത്തിലേക്ക് കേരളത്തിൽ നിന്നുള്ള പെൺകുട്ടി. ഐക്യു ടെസ്റ്റിൽ വിജയം കൊയ്താണ് കുളത്തൂപ്പുഴക്കാരിയായ വിദ്യാർത്ഥിനി നാടിന് അഭിമാനമായിരിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റിനും സ്റ്റീഫൻ ഹോക്കിംഗുമൊക്കെയുള്ള പട്ടികയിൽ ഇടംപിടിച്ചത് നന്ദന പ്രകാശെന്ന പത്താം ക്ലാസുകാരിയാണ്. ലണ്ടനിലെ പ്ലാഷ്നെറ്റ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന നന്ദന കൊല്ലം കുളത്തുപ്പുഴ സ്വദേശികളായ എൻഎസ് പ്രകാശ്-സിമി ദമ്പതികളുടെ മകളാണ്.
ലോകത്തെ വലിയ ഐക്യു സംഘടനയായ ‘മെൻസ’ യുടെ ജീനിയസ് സ്കോറായ 142 സ്വന്തമാക്കിയാണ് നന്ദന അത്ഭുതപെൺകുട്ടിയായിരിക്കുന്നത്. ഐൻസ്റ്റീനും ഹോക്കിങും 160 പോയിന്റാണ് നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ നന്ദനയുടെ നേട്ടത്തിന് പത്തരമാറ്റ് തിളക്കമാണ്. ലോകത്തിൽ ഏകദേശം ഇരുപതിനായിരത്തോളം പേർ മാത്രമാണ് മെൻസ ക്ലബിൽ ഇടം നേടിയിട്ടുള്ളത്.
മെൻസ ക്ലബിലെത്താനായതിൽ അതീവ സന്തുഷ്ടയാണെന്ന് നന്ദന പറയുന്നു. വളരെയധികം സന്തോഷവും ആഹ്ലാദവുമുണ്ടെന്ന് നന്ദന വ്യക്തമാക്കി. പിക്കാസോയുടെ പെയിന്റിങുകൾ വലിയ പ്രചോദനം നൽകിയെന്നും നന്ദന പറയുന്നു.
Discussion about this post