കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. സംഭവത്തില്‍ മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആറ് മരണങ്ങളും സമാനമായ രീതിയില്‍ മരിച്ചതാണ് ഏറെ ആശങ്കയ്ക്ക് വഴിവെച്ചത്. ഇതില്‍ സംശയം പ്രകടിപ്പിച്ച് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഭക്ഷണത്തില്‍ സയനൈഡ് തന്നെ കലര്‍ത്തി നല്‍കിയത് തന്നെയാണെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ പറയുന്നു.
ചെറിയ അളവില്‍ ഭക്ഷണത്തിലും മറ്റും ദേഹത്തില്‍ വിഷാംശം എത്തിച്ചതാണ് എല്ലാവരുടെയും മരണത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം പറയുന്നു. വര്‍ഷങ്ങളുടെ ഇടവേളയിലാണ് ആറു പേരും മരിച്ചിരിക്കുന്നത്. സംഭവത്തില്‍ ജോളി കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറയുന്നു. ”സയനൈഡാണ് നല്‍കിയത്. ഇതിന്റെ പിറകില്‍ പോലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ അളവ്, എങ്ങനെ മിക്‌സ് ചെയ്തു എന്നിവയൊക്കെ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഒരുമിച്ച് കഴിച്ചാല്‍ ഉടനെ മരിച്ചുപോകുന്ന തരത്തിലുള്ള വിഷമാണിത്.
അനുബന്ധ തെളിവുകളും മൊഴികളും ഫൊറന്‍സിക് പരിശോധനാ ഫലവും ലഭിച്ചാല്‍ കേസ് ശക്തമാകും” റൂറല്‍ എസ്പി കെജി സൈമണ്‍ പറയുന്നു. ഗൃഹനാഥനായ റോയ് സയനൈഡ് ഉള്ളില്‍ച്ചെന്ന് പൊടുന്നനെയാണ് മരിച്ചത് എന്നതില്‍ പോലീസിന് തര്‍ക്കമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇതിനെ ശരിവെച്ചിട്ടുണ്ട്. എന്നാല്‍ അത് ആത്മഹത്യ എന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. എന്നാല്‍ ബാക്കിയുള്ളവരും മരണപ്പെട്ടതോടെയാണ് സംശയം ജനിച്ചത്. ബാക്കിയുള്ളവര്‍ക്ക് പതിയെ പതിയെ ആണ് സയനൈഡ് നല്‍കിയത്.
മരിച്ച കുട്ടിയടക്കം ആറ് പേരുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്നലെ വൈകിട്ട് കല്ലറ തുറന്ന് പുറത്തെടുത്ത് രാസപരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ആറ് മരണങ്ങളിലും തനിക്ക് പങ്കുണ്ടെന്ന് ജോളി പോലീസിനോട് വെളിപ്പെടുത്തിയത്. ഒരു യുവാവാണ് ജോളിയ്ക്ക് സയനൈഡ് എത്തിച്ചത്. വ്യാജ വില്‍പത്രമുണ്ടാക്കിയ ആളെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജോളിയുടെ സുഹൃത്തായ ഒരു ജ്വല്ലറിക്കാരന്‍ ആണ് സയനൈഡ് എത്തിച്ച് നല്‍കിയതെന്നാണ് വിവരം.
ഇപ്പോള്‍ കുറ്റാരോപിതയായ ജോളി പിന്നീട് വിവാഹം കഴിച്ചത് മരിച്ച സിലിയുടെ ഭര്‍ത്താവിനെയാണ്. ഗൃഹനാഥനായിരുന്ന ടോം തോമസിന്റെ സഹോദരന്റെ മകനാണിയാള്‍. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചിരുന്നു. കുറ്റസമ്മതമൊഴി നല്‍കിയ ജോളിയുടെ വീടും പരിസരവും ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കുറച്ചുകൂടി തെളിവുകള്‍ എടുത്ത് ഞായറാഴ്ചയോടെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.
Discussion about this post