കൊച്ചി: സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് ഉടമകള്‍ ഒഴിഞ്ഞു തുടങ്ങിയതിന് പിന്നാലെ ഫ്ളാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടക വീടുകളിലെ ഇടനിലക്കാര്‍. മരടിന്റെ സമീപ പ്രദേശങ്ങളില്‍ നിലവിലുള്ള വാടകയുടെ രണ്ട് ഇരട്ടിയാണ് ഇടനിലക്കാര്‍ വര്‍ധിപ്പിക്കുന്നത്. നഗരസഭ ഫ്ളാറ്റ് ഉടമകള്‍ക്കായി കണ്ടെത്തിയ ഫ്ളാറ്റുകളിലും വലിയ തുകയാണ് വാടകയായി അവര്‍ ആവശ്യപ്പെടുന്നത്. ഇടനിലക്കാര്‍ പറയുന്ന വാടക ഉടമകള്‍ക്ക് താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ്.
ചുരുങ്ങിയ ദിവസം കൊണ്ട് ഫ്ളാറ്റുകള്‍ ഒഴിയേണ്ടി വന്നതോടെ പകരം താമസത്തിന് ഇടം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഫ്ളാറ്റിലെ കുടുംബങ്ങള്‍. കുട്ടികളുടെ സ്കൂളും ജോലിയുമെല്ലാം മരടിനോടടുത്ത സ്ഥലങ്ങളിലായതിനാല്‍ കൂടൂതല്‍ പേരും പരിസര പ്രദേശങ്ങളില്‍ തന്നെയാണ് വാടക വീടുകള്‍ അന്വേഷിക്കുന്നതും. എന്നാല്‍ ഈ സാഹചര്യം മുതലെടുക്കുകയാണ് ഇടനിലക്കാര്‍.
പതിനയ്യായിരം രൂപയ്ക്ക് വീട് വാടകയ്ക്കുണ്ടെന്ന പരസ്യം കണ്ട് ഇടനിലക്കാരനെ ഫോണില്‍ വിളിച്ച ഉടമയ്ക്ക് ഇരുപത്തയ്യായിരം രൂപ വേണമെന്നാണ് ലഭിച്ച മറുപടി. മരടിലെ ഫ്ളാറ്റുകളില്‍ നിന്നാണെന്ന് അറിയുമ്പോള്‍ എവിടെയും ഇല്ലാത്ത വാടകയാണ് ഇടനിലക്കാര്‍ ചോദിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. സുഹൃത്തുക്കളുടെ വീട്ടിലോ ഹോട്ടലുകളിലോ ആണ് മിക്ക ആളുകളും ഇപ്പോള്‍ താമസിക്കുന്നത്. വാടകയിനത്തിലെ ഇടനിലക്കാരുടെ കൊള്ള ജില്ലാ ഭരണകൂടം ഇടപെട്ട് തടയണമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം.
Discussion about this post