തൃശൂര്‍: തൃശ്ശൂരില്‍ എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കഞ്ചാവുമായി പിടിയിലായ മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത് കുമാറാണ് മരിച്ചത്.
രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ പോലീസ് എക്സൈസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കതിരേ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷനല്‍ എക്സൈസ് കമ്മീഷണറും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ആരോപണവിധേയരായവരെ സര്‍വീസില്‍ നിന്നും ഉടന്‍ സസ്പെന്റ് ചെയ്യുമെന്നാണ് വിവരം. യുവാവ് മരിച്ചത് മര്‍ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. രഞ്ജിത്തിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരിക്കും കേസന്വേഷിക്കുക.
ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ തൃപ്രങ്ങോട്ട് കൈമലശ്ശേരി കരുമത്തില്‍ വാസുദേവന്റെ മകന്‍ രഞ്ജിത്ത് കുമാറിനെ കഞ്ചാവ് കൈവശംവച്ചതിന് ഗുരുവായൂര്‍ എക്സൈസ് പിടികൂടിയത്.