കൊച്ചി: മരടിലെ ഫ്ളാറ്റുകളിലെ താമസക്കാര്‍ക്ക് നഷ്ടപരിഹാരം ഒരുവര്‍ഷത്തിനുള്ളില്‍ നല്‍കും. സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാര കമ്മിറ്റി അടുത്ത ആഴ്ച പ്രവര്‍ത്തിച്ചു തുടങ്ങും. സമിതിയുടെ ആദ്യ യോഗം സമിതി ചെയര്മാന് ജസ്റ്റിസ് കെ ബാലകൃഷ്ണന് നായരുടെ കൊച്ചിയിലെ വസതിയില്‍ നടന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, ജില്ലാ കലക്ടര്‍ എസ് സുഹാസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു. സമിതിയ്ക്കായി ഓഫീസ് കെട്ടിടവും ജീവനക്കാരെയും ലഭ്യമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഫ്ളാറ്റ് ഉടമകള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്ന വിധത്തിലാകും സമതിയുടെ പ്രവര്ത്തനങ്ങളെന്ന്് ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ പറഞ്ഞു. സുപ്രീംകോടതി നിശ്ചയിച്ച 25 ലക്ഷം രൂപ വരെയുള്ള തുകയാണ് ആദ്യ ഘട്ട നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ളത്. രേഖകളും വിശദമായ പരിശോധനയും നടത്തിയ ശേഷമായിരിക്കും ഈ തുക നിശ്ചയിക്കുക. അതുകൊണ്ടുതന്നെ എല്ലാവര്ക്കും 25 ലക്ഷത്തിന് അവകാശമുണ്ടായിരിക്കുകയില്ല.
അതേസമയം, കൂടുതല്‍ തുകക്കായി അവകാശവാദമുന്നയിക്കുന്നവരുടെ അപേക്ഷ സമിതി വിശദമായി പരിശോധിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. അതിനുശേഷമായിരിക്കും 25 ലക്ഷത്തിനു മുകളിലുള്ള തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ പറഞ്ഞു.
പല ഫ്ളാറ്റ് ഉടമകളും യഥാര്‍ഥ തുകയേക്കാള്‍ വില കുറച്ചാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍, ഫ്ളാറ്റ് ഉടമ, ഫ്ളാറ്റ് നിര്‍മാതാക്കള്‍ തുടങ്ങിയവരുടെ വിശദമായ വാദം കേട്ട ശേഷമായിരിക്കും നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ വ്യക്തമാക്കി.
Discussion about this post