തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്
ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ. ഇതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നാളെ ഒരു ലക്ഷം കത്തയക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
സ്വതന്ത്രചിന്തയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം അപലപനീയമാണ്.
അന്തര്‍ദേശീയ പ്രശസ്തരായ ഇന്ത്യന്‍ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് അംഗീകരിക്കാനാകില്ല. അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഉടന്‍ പിന്‍വലിക്കണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംഘപരിവാറിനെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പീഡിപ്പിക്കാനാണ് നീക്കം. മതന്യൂനപക്ഷങ്ങള്‍, ദളിതര്‍, മതേതര രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെ അടിച്ചമര്‍ത്താന്‍ കരിനിയമങ്ങള്‍ നിര്‍മ്മിക്കുന്ന കാലമാണിത്. ഭരണഘടനാദത്തമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന വിധത്തിലാണ് 124 എ (രാജ്യദ്രോഹം) വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്. ജനാധിപത്യത്തെയും പൗരാവകാശത്തെയും വേട്ടയാടുന്നത് അംഗീകരിക്കില്ലെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.
ജയ് ശ്രീറാമിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമങ്ങളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിനാണ് 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്രഗുഹ, അനുരാഗ് കശ്യപ്, മണിരത്നം തുടങ്ങി 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
കത്ത് പുറത്ത് വന്ന ഘട്ടത്തില്‍ തന്നെ സാംസ്‌കാരിക നേതാക്കള്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണിയുമായി രംഗത്ത് വന്നതാണ്. അടൂര്‍ ഗോപാലകൃഷ്ണനെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
Discussion about this post