കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹതയെ കുറിച്ച് പോലീസ്. ദുരൂഹ മരണങ്ങൾ കൊലപാതകങ്ങളാകാം എന്ന സൂചന നൽകുകയാണ് പോലീസും. സ്വത്ത് തട്ടിയെടുക്കാനായി നടത്തിയ കൊലപാതകങ്ങളാകാം എന്ന സംശയത്തിലേക്കാണ് പോലീസ് വിരൽ ചൂണ്ടുന്നത്. കല്ലറകൾ തുറന്നു പരിശോധന നടത്തുന്നതിനിടെയാണ് ശേഷമാണ് പോലീസ് ഇക്കാര്യത്തിൽ കൊലപാതകം സംശയിക്കുന്നത്. 2011ൽ മരിച്ച റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം അന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വീണ്ടും സംശയം ഉന്നയിച്ചതോടെയാണ് സമാനമായി മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിയത്.
ആറു പേരും മരിക്കുന്നതിനു തൊട്ടുമുമ്പ് ആഹാരം കഴിക്കുകയും തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നെന്ന് റൂറൽ എസ്പി കെജി സൈമൺ പറഞ്ഞു. ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകൾ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ ശേഖരിച്ചത്. ഇതിന്റെ ഫോറൻസിക് പരിശോധനാഫലം വരുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നും പോലീസ് പറഞ്ഞു. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായും സൂചനയുണ്ട്. ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
പോലീസിന്റേയും ഫോറൻസികിന്റേയും നേതൃത്വത്തിൽ കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും കൂടത്തായി ലൂർദ് മാതാ പള്ളിയിലെയും ആറുപേരുടെ ശവകല്ലറകളാണ് ഇന്ന് തുറന്നു പരിശോധിച്ചത്. സിലിയുടെയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ അടക്കിയ കല്ലറയാണ് ആദ്യം തുറന്നത്. ആറു മരണങ്ങളിൽ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകൾ ആദ്യം തുറന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടത്തായി ലൂർദ് മാതാ പള്ളിയിൽ നാലുപേരുടെ മൃതദേഹം സംസ്കരിച്ച രണ്ടുകല്ലറകളും തുറന്ന് പരിശോധിച്ചു.
വർഷങ്ങളുടെ ഇടവേളകളിലായി നടന്നതാണെങ്കിലും മരണത്തിലെ സമാനത ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് മേധാവിയടക്കം 6 അംഗ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൻസ(2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരാണ് മരിച്ചവർ. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം.
2002 ലായിരുന്നു അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുഞ്ഞും തുടർന്ന് 2016ൽ സിലിയും മരിച്ചു. മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ആദ്യഭാര്യയായിരുന്നു സിലി. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത ചിലർ കർശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതിൽ ഉൾപ്പെടും.
ടോം തോമസിന്റെ സ്വത്തുക്കൾ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ ആരോ കൈക്കലാക്കിയതിനെ തുടർന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകൻ റോജോ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് മരണം സംബന്ധിച്ച സംശയങ്ങൾ ഉണ്ടായത്. നേരത്തെ, റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയിരുന്നു.
Discussion about this post