കണ്ണൂര്‍: പാനൂരില്‍ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍. തലശ്ശേരി, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പാനൂര്‍ പോലീസ് പിടികൂടിയത്.
പുലര്‍ച്ചെ രണ്ട് മണിയോടെ പാനൂര്‍ നവോദയ കുന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഡസ്റ്റര്‍ വാഹനത്തില്‍ നിന്നാണ് മൂന്നംഗ സംഘത്തെ പോലീസ് പിടികൂടിയത്. തലശ്ശേരി സ്വദേശികളായ നജീബ്, സച്ചിന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. 70 ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്റെ നോട്ട്‌കെട്ടുകളും മുപ്പത് ലക്ഷം രൂപ വരുന്ന അഞ്ഞൂറിന്റെ നോട്ട്‌കെട്ടുകളുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ട്‌കെട്ടുകള്‍. ഇവരില്‍ നിന്നും വേദനസംഹാരിയായി ഉപയോഗിക്കുന്ന മുന്നൂറോളം മയക്ക് ഗുളികകളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത വാഹനം പിടിയിലായ നജീബിന്റെ ഭാര്യയുടെ പേരിലാണ്. പണം കൈമാറിയത് ആരാണെന്നതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
Discussion about this post