കൊച്ചി: തമിഴ്നാടിനെ ആശങ്കയിലാഴ്ത്തി വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ വ്യാപക നാശം. പ്രസിദ്ധമായ വേളാങ്കണ്ണി പള്ളിയുടെയും പരിസരങ്ങളിലും കാറ്റ് നാശം വിതച്ചു. പള്ളിയോട് ചേര്‍ന്ന് നിര്‍മിച്ച ക്രിസ്തുവിന്റെ രൂപവും കാറ്റില്‍ തകര്‍ന്നു.
ഒരുമാസം മുന്‍പ് നിര്‍മിച്ച രൂപം ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപമാണ്. രൂപത്തിന്റെ കൈകളാണ് കാറ്റില്‍ തകര്‍ന്നുവീണത്. കാറ്റിലും മഴയിലും മരങ്ങളും കടപുഴകി. കെട്ടിടങ്ങള്‍ക്കും നാശം സംഭവിച്ചു. ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മരണസംഖ്യ ഇരുപതായെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്കൃതത്തില്‍ ഗജമെന്നാല്‍ ആനയെന്നാണ് അര്‍ഥം. തമിഴ്നാട്ടില്‍ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ്. ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അര്‍ഥത്തില്‍.
ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെ ന്യൂനമര്‍ദമായി മാറി കേരള തീരത്തിലെത്തി ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
പുലര്‍ച്ചെ പന്ത്രണ്ട് മുപ്പതിനാണ് നാഗപട്ടണം വേദാരണ്യ മേഖലയിലൂടെ ഗജ തീരം തൊട്ടത്. നാഗപട്ടണം കൂടാതെ തഞ്ചാവൂര്‍, പുതുക്കോട്ട, തിരുവാരൂര്‍ ,കാരക്കല്‍ തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ നാശം വിതച്ച കാറ്റ് കരയിലെത്തി ഒമ്പത് മണിക്കൂറിന് ശേഷമാണ് ശക്തി കുറഞ്ഞത്. ഡിണ്ടുഗല്‍, മധുര, സേലം ജില്ലകളിലൂടെ കാറ്റ് കടന്നുപോകും. ഈ പ്രദേശങ്ങളിലെല്ലാം കനത്ത മഴ തുടരും ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് വീടുകളാണ് തകര്‍ന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ കനത്ത മഴയുമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മിക്കയിടങ്ങളിലും ശബരിമല പാതയിലും ശക്തമായ മഴ പെയ്യുന്നുണ്ട്. മധ്യകേരളത്തിലും നേരിയ മഴയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഈ മാസം ഇരുപത് വരെ കലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാട്ടില്‍ പ്രവേശിച്ച ഗജ അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തികുറഞ്ഞ് മധ്യകേരളത്തിലൂടെ അറബിക്കടലിലേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം.
Discussion about this post