കൊച്ചി: നീണ്ട 12 മണിക്കൂറിലെ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം തൃപ്തി ദേശായി രാത്രി 9.25ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ മുംബൈയ്ക്ക് മടങ്ങും. ബിജെപി നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് മടക്കം.
തൃപ്തി മടങ്ങിയശേഷമേ പിരിഞ്ഞുപോവുകയുളളൂവെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. പുറത്തിറങ്ങുന്നത് തടഞ്ഞ് ബിജെപിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ നാമജപ പ്രതിഷേധവുമായി ഇപ്പോഴും വിമാനത്താവളത്തിലുണ്ട്.
ഇതിനിടെ, തൃപ്തിയുടെ പുനെയിലെ വീടിനുമുമ്പിലും പ്രതിഷേധം ആരംഭിച്ചു. പുലര്‍ച്ചെ തുടങ്ങി ഒരു പകല്‍ മുഴുവന്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങാന്‍ തീരുമാനിച്ചത്. തൃപ്തി ദേശായി ഇന്നുതന്നെ മടങ്ങുമെന്ന് പോലീസ് ആറുമണിയോടെയാണ് സ്ഥിരീകരിച്ചത്. തൃപ്തിക്കൊപ്പം എത്തിയ ആറ് യുവതികളും മടങ്ങും.
പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ 12 മണിക്കൂറോളം പ്രതിഷേധക്കാര്‍ തടഞ്ഞു. അടുത്ത തവണ കൂടുതല്‍ തയാറെടുപ്പുകളോടെ എത്താന്‍ പോലീസ് നിര്‍ദേശിച്ചതായി തൃപ്തി പറഞ്ഞു. മടങ്ങിയാലും ഈ മണ്ഡലകാലത്ത് തന്നെ തിരികെയെത്തുമെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തൃപ്തി പറഞ്ഞു.
ആര്‍എസ്എസിനോടും കോണ്‍ഗ്രസിനോടും പ്രതിപത്തിയുണ്ടെന്ന വാര്‍ത്തകള്‍ തൃപ്തി നിഷേധിച്ചു. അഞ്ചുവര്‍ഷമായി താന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ലെന്നും താന്‍ സ്ത്രീകളുടെ പക്ഷത്താണെന്നും തൃപ്തി ദേശായി പറഞ്ഞു.