തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ നാളെ മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ശശി തരൂര്‍ എംപി. തിരക്ക് കാരണമാണ് പ്രചാരണത്തിന് ഇറങ്ങാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാകാത്തത് ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വിശദീകരണവുമായി ശശി തരൂര്‍ എത്തിയത്.
പാര്‍ലമെന്ററി കമ്മിറ്റികളും മറ്റ് തിരക്കുകളും ഉണ്ടായിരുന്നതാണ് നേരത്തെ പ്രചാരണ രംഗത്ത് എത്താതിരുന്നതിന് കാരണം. ഇന്‍ഡോറില്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. രണ്ട് പരിപാടിയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ തീരുമാനിച്ചതാണ്. കൂടാതെ ഡല്‍ഹിയില്‍ നാളെ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലും പ്രസംഗിക്കേണ്ടതുണ്ട്. അതിനാലാണ് പ്രചാരണത്തിന് പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.
നാളെ തിരുവനന്തപുരത്തെത്തുമെന്നും പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കെ മോഹന്‍കുമാറാണ് വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ സീറ്റായ വട്ടിയൂര്‍ക്കാവില്‍ ഏറെ തര്‍ക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് കെ മോഹന്‍കുമാര്‍
സ്ഥാനാര്‍ത്ഥിയാകുന്നത്.
Discussion about this post