ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒഴിയാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍ നല്കിയ ഹര്‍ജിയോട് രൂക്ഷ പ്രതികരണവുമായി സുപ്രീംകോടതി. മരട് ഫ്ളാറ്റ് പൊളിക്കുന്നതിന് ഒരാഴ്ച പോയിട്ട് ഒരു മണിക്കൂര്‍ പോലും സമയം നീട്ടി നല്‍കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി പറയുകയായിരുന്നു.
ഫ്ളാറ്റുടമകള്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് അരുണ്‍ മിശ്ര ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. ഈ വിഷയത്തില്‍ പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. എല്ലാവരോടും കോടതിക്ക് പുറത്ത് പോവാനും അദ്ദേഹം സ്വരം കടുപ്പിച്ച് പറഞ്ഞു. ഈ വിഷയത്തില്‍ ഇനി ഒരു ഹര്‍ജി പോലും പരിഗണിക്കില്ല എന്നത് കോടതി ഉത്തരവില്‍ തന്നെയുണ്ട്. മാത്രമല്ല പലതവണ കോടതി ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുമുണ്ട്.
ഫ്ളാറ്റ് പൊളിക്കുന്നത് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് കോടതിയില്‍ ഹര്‍ജിയില്‍ നല്‍കിയത്. ‘ഒരു റിട്ട് ഹര്‍ജിയും കേള്‍ക്കില്ലെന്ന് നേരത്തെ വ്യക്തിമാക്കിയതാണ്. നിങ്ങള്‍ പുറത്ത് പോവണം. പരമാവധി ക്ഷമിച്ചതാണ്. ഇനി ക്ഷമിക്കാനില്ല. ഈ കേസില്‍ നടന്നത് എന്താണെന്ന് നിങ്ങള്‍ക്കറിയില്ല’ എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.