മൂന്നാര്‍: തമിഴ്‌നാട്ടില്‍ ഇരുപത്തെട്ട് പേരുടെ മരണത്തിനിടയാക്കിയ ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും. ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാറിന് സമീപം വട്ടവടയില്‍ ഉരുള്‍പൊട്ടി. രണ്ടു കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു. കൂടാതെ നേര്യമംഗലം തട്ടേക്കണ്ണിയില്‍ ഉരുള്‍പൊട്ടി വാഹനഗതാഗതം തടസ്സപ്പെട്ടു.
മൂന്നാറിലും ശക്തമായ മഴ തുടരുകയാണ്. പഴയ മൂന്നാറില്‍ ദേശീയപാതയില്‍ വെളളം കയറി. മാട്ടുപ്പെട്ടി ഡാമിന് സമീപം റോഡില്‍ മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു. മൂന്നാര്‍ മറയൂര്‍ റൂട്ടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പെരിയ വരൈയിലെ താല്‍ക്കാലിക പാലം തകര്‍ന്നു. രാജാക്കാട്, കൊന്നത്തടി, വെളളത്തൂവല്‍ മേഖലകളിലും കനത്ത മഴയാണ്. മണ്ണിടിഞ്ഞ് പന്നിയാര്‍കുട്ടിയില്‍ ഗതാഗതം തടസ്സപ്പെട്ടു.
തമിഴ്‌നാട്ടില്‍ ചുഴലിക്കാറ്റായി വീശിയടിച്ച ഗജ വെളളിയാഴ്ച മൂന്നുമണിയോടെയാണ് ന്യൂനമര്‍ദമായി മാറി കേരളത്തില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.