കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രിയും കളമശ്ശേരി എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കുന്നതിന് സർക്കാരിനോട് അനുമതി തേടി വിജിലൻസ്. മന്ത്രി എന്ന നിലയിൽ ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടലുകൾ അന്വേഷിക്കാനാണ് വിജിലൻസ് അനുമതി തേടിയിരിക്കുന്നത്. പാലം അഴിമതിയിൽ പൊതുവായ അന്വേഷണവും അതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുമാണ് ഇതുവരെ നടന്നിട്ടുള്ളത്. ഇബ്രാഹിം കുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും 2018-ലെ അഴിമതി നിരോധന നിയമഭേദഗതി പ്രകാരമുള്ള അന്വേഷണമാണ് വിജിലൻസ് ഉദ്ദേശിക്കുന്നതെന്നുമാണ് റിപ്പോർട്ട്.
നേരത്തെ കളമശ്ശേരി സർക്കാർ ഗസ്റ്റ്ഹൗസിൽ വെച്ച് വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. പൊതുമരാമത്ത് മുൻസെക്രട്ടറി ടിഒ സൂരജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, ടിഒ സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ നൽകിയ മൊഴി കള്ളമാണെന്ന് വിജിലൻസ് കണ്ടെത്തുകയും ഹൈക്കോടതിയിൽ സത്യാവാങ്മൂലം നൽകുകയും ചെയ്തിരുന്നു. മന്ത്രിയുടെ നിർദേശ പ്രകാരമാണ് നിർമ്മാണ കമ്പനിക്ക് മുൻകൂർ പണം കൈമാറിയതെന്ന സൂരജിന്റെ മൊഴിയാണ് കള്ളമാണെന്ന് വിജിലൻസ് കണ്ടെത്തിയത്. എന്നാൽ പാലം അഴിമതിയിൽ മന്ത്രിക്ക് പൂർണ്ണമായും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് വിജിലൻസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Discussion about this post