തിരുവനന്തപുരം: കെഎസ്ആർടിസിയിലെ താത്കാലിക ജീവനക്കാരായ 2320 ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ സർവീസുകൾ പ്രതിസന്ധിയിൽ. ഡ്രൈവർമാരെ പിരിച്ചുവിട്ടതിന് പകരം സംവിധാനം ഏർപ്പെടുത്താൻ കോർപ്പറേഷന് ഇതുവരെ കഴിയാത്തതിനാൽ വ്യാഴാഴ്ച മാത്രം 800ഓളം സർവ്വീസുകൾ മുടങ്ങിയെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച 1200ലധികം സർവീസുകൾ മുടങ്ങിയേക്കുമെന്നാണ് സൂചന. വരുമാനം കുറവുള്ള ഓർഡിനറി ബസുകൾ റദ്ദാക്കി പരമാവധി ദീർഘദൂരബസുകൾ ഓടിക്കാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ. എന്നാൽ ഇത് ഗ്രാമീണമേഖലകളിലെ യാത്രക്കാരെ പെരുവഴിയിലാക്കുന്ന തീരുമാനമാണ്.
ഇതോടൊപ്പം, യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ സർവ്വീസുകൾ മുടങ്ങാതിരിക്കാൻ കെഎസ്ആർടിസി നിർദേശം നൽകിയിട്ടുണ്ട്. സ്ഥിരം ഡ്രൈവർമാരോട് അവധി നിയന്ത്രിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം സാമ്പത്തിക നില മോശമായതിനാൽ ശമ്പള വിതരണവും മുടങ്ങി. പ്രതിസന്ധി മറികടക്കാൻ സർക്കാർ അധികമായി 40 കോടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഓണത്തിന് അധികസഹായം നൽകിയതിനാൽ ഈ മാസം 16 കോടി നൽകാനാകൂ എന്ന നിലപാടിലാണ് ധനവകുപ്പ്.
താൽക്കാലിക ഡ്രൈവർമാരെ പൂർണമായും ഒഴിവാക്കിയെന്ന് വ്യക്തമാക്കി വ്യാഴാഴ്ച കോർപറേഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം എംപാനൽ ജീവനക്കാരെ ജൂൺ 30 മുതൽ പിരിച്ചുവിട്ടിരുന്നെങ്കിലും ഇതിൽ ചിലരെ സർവ്വീസ് തടസപ്പെടാതിരിക്കാൻ പല സ്ഥലങ്ങളിലും ദിവസ വേതനത്തിൽ ജോലിക്ക് നിയമിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എല്ലാ താൽക്കാലികക്കാരെയും പിരിച്ചുവിടാൻ കോടതി ഉത്തരവിട്ടത്.
Discussion about this post