തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടേറി വരികയാണ്. വോട്ടുറപ്പിക്കാനുള്ള പ്രചാരണം ശക്തമാക്കി പാര്‍ട്ടികള്‍ സജീവമായി രംഗത്തുണ്ട്. ഇപ്പോള്‍ നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍.
വട്ടിയൂര്‍ക്കാവിലെ പ്രചാരണത്തിന് വേഗം പോരായെന്നാണ് അദ്ദേഹത്തിന്റെ പരാതി. അതൃപ്തി കോണ്‍ഗ്രസ് നേതൃത്വത്തിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രചാരണത്തില്‍ വേഗം പോരായെന്നും കൂടുതല്‍ നേതാക്കള്‍ സജീവമായി പ്രചാരണത്തില്‍ പങ്കെടുക്കണമെന്നുമാണ് മോഹന്‍കുമാറിന്റെ ആവശ്യം.
സ്ഥലം എംപിയായ ശശി തരൂരും വട്ടിയൂര്‍ക്കാവ് എംഎല്‍എ മുരളീധരനും പ്രചാരണത്തില്‍ സജീവമായില്ല എന്നും താഴെ തട്ടില്‍ പ്രചാരണം വേണ്ടത്ര ശക്തമല്ലെന്നും മോഹന്‍കുമാര്‍ ആരോപിക്കുന്നു. മുതിര്‍ന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തില്‍ സജീവമാകുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ കുമാര്‍ പറഞ്ഞു.