കൊച്ചി: മരടിലെ പൊളിച്ചുമാറ്റേണ്ട ഫ്ലാറ്റുകളില്‍ നിന്നും താമസക്കാരുടെ ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നു. ഇതുവരെയുള്ള കണക്കനുസരിച്ച് 243 ഫ്ലാറ്റുകളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞിട്ടുണ്ട്. 83 ഫ്ളാറ്റുകളാണ് ഇനി ഒഴിയാനുള്ളതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ആകെ 326 അപാര്‍ട്ട്മെന്റുകളാണ് നാല് കെട്ടിട്ടസമുച്ചയങ്ങളിലുമായി ഉള്ളത്.
ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള സമയപരിധി ഇന്ന് രാത്രി 12 വരെ നീട്ടിയിരുന്നു. എന്നാല്‍ ഫ്ലാറ്റുടമകള്‍ ഒന്നിച്ച് സാധനങ്ങള്‍ മാറ്റാന്‍ തുടങ്ങിയതോടെ ഫ്ലാറ്റുകളിലെ ലിഫ്റ്റുകള്‍ തകരാറിലായി. ഇതോടെ വീട്ടുസാധനങ്ങള്‍ മാറ്റാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ജില്ലാഭരണകൂടം സാവകാശം അനുവദിച്ചു.
വൈദ്യുതിയും വെള്ളവും തത്കാലം വിച്ഛേദിക്കില്ലെന്നും പക്ഷെ ഉടമകള്‍ ഇന്ന് തന്നെ ഫ്ലാറ്റുകള്‍ വിട്ടുപോകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഫ്ലാറ്റ് ഒഴിപ്പിക്കാനായി സായുധസേനാ ക്യാമ്പില്‍ നിന്ന് അറുപതോളം പോലീസുകാരാണ് ഇവിടേക്ക് എത്തിയിട്ടുള്ളത്.
ഫ്ലാറ്റുടമകളുടെ താത്കാലിക പുനരധിവാസത്തിന് 42 ഫ്ലാറ്റുകള്‍ തയ്യാറായിട്ടുണ്ട്. സമയക്രമം അനുസരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.
സാധനങ്ങള്‍ നീക്കുന്നതിന് ഫ്ലാറ്റ് ഉടമകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ സഹായമുണ്ടാകും. സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഓരോ ഫ്ലാറ്റുകളിലും 20 വൊളണ്ടിയര്‍മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി പോലീസിനേയും വിന്യസിച്ചിട്ടുണ്ട്.
അതേസമയം ഫ്ലാറ്റുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും പുനരധിവാസത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി സര്‍ക്കാര്‍ മരട് നഗരസഭയ്ക്ക് ഒരു കോടി രൂപ അനുവദിച്ചു.
Discussion about this post