പത്തനംതിട്ട: പ്രായ വ്യത്യാസമില്ലാതെ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിശ്വാസസംരക്ഷണ യാത്രയില്‍ എത്തിയത് 35ഓളം പ്രവര്‍ത്തകര്‍ മാത്രം. ഇന്നലെ പുലര്‍ച്ചെ പത്തനംതിട്ട പുല്ലാട്ട് നിന്ന് ആരംഭിച്ച വിശ്വാസസംരക്ഷണ യാത്ര ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലന്തൂര്‍ സ്റ്റേഡിയത്തിലെത്തുമ്പോള്‍ 35ഓളം പ്രവര്‍ത്തകര്‍ മാത്രമാണ് തിരുവഞ്ചൂരിനൊപ്പമുണ്ടായത്.
വിശ്വാസസംരക്ഷണ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നത് ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലായിരുന്നു. 1100 ല്‍ അധികം പേര്‍ക്കായിരുന്നു ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. എന്നാല്‍ പദ യാത്രക്കൊപ്പം വന്നവരും സ്റ്റേഡിയത്തില്‍ സ്വീകരിക്കാനുണ്ടായിരുന്നതുമായി 50 ല്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
അണികളുടെ നടപടിയില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ ഉച്ചഭക്ഷണമൊഴിവാക്കി വൈകീട്ട് 5 മണി വരെ ഉപവാസമനുഷ്ഠിക്കുകയായിരുന്നു. അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉപവാസം തുടരുകയായിരുന്നു. സമരത്തെ വേണ്ടത്ര ഗൗരവത്തോടെ കാണാതിരുന്ന സംഘാടകരുടെ നിലപാട് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പുല്ലാട്ട് നിന്ന് യാത്രയ്ക്കൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കോഴഞ്ചേരിയിലും മല്ലപുഴശ്ശേരിയിലും തങ്ങിയതും ഇലന്തൂരില്‍ മൂന്നുമണി കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് നിര്‍ദേശം ലഭിച്ചതുമാണ് ആളുകളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.