കൊച്ചി: അരൂരിലെ റോഡ് അറ്റകുറ്റപ്പണി തടസപ്പെടുത്തിയതിന് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. മണ്ഡലത്തിലെ റോഡ് അറ്റകുറ്റപ്പണി നടത്തുന്നത് തടസപ്പെടുത്തിയെന്ന് കാണിച്ച് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നൽകിയ പരാതി പരിഗണിച്ചാണ് പോലീസ് നടപടി. എന്നാൽ ഇത് കള്ളക്കേസാണെന്നും ഈ കേസിന് പിന്നിൽ പൊതുമരാമത്ത് മന്ത്രിയാണെന്നും ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.
അതേസമയം, പെരുമാറ്റച്ചട്ട ലംഘനം ചോദ്യം ചെയ്തതിന് കേസെടുത്താൽ, ജയിലിൽ പോകാനും തയ്യാറാണെന്ന് ഷാനിമോൾ ഉസ്മാൻ സംഭവത്തോട് പ്രതികരിച്ചു. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന എരമല്ലൂർ- എഴുപുന്ന റോഡ് നന്നാക്കാൻ എത്തിയതായിരുന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ.
ഇക്കഴിഞ്ഞ 27ാം തീയതിയായിരുന്നു സംഭവം. രാത്രി യുഡിഎഫ് പ്രവർത്തകർ ഇവരെ തടയുകയായിരുന്നു. വിവരമറിഞ്ഞ് ഷാനിമോൾ ഉസ്മാനും സ്ഥലത്തെത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുളള നിർമ്മാണ പ്രവൃത്തി അനുവദിക്കില്ലെന്ന് ഷാനിമോൾ നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ് നിർമ്മാണം തടസപ്പെടുത്തിയതിന് എതിരെ പൊതുമരാമത്ത് വകുപ്പ് പരാതി നൽകിയത്.
Discussion about this post